വിവാഹിതയായ യുവതിയുമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് അടുത്ത ബന്ധം; തെളിവായി കത്തുകളും ഫോട്ടോകളും പുറത്തുവിട്ട് ബിബിസി

ലണ്ടന്‍: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വിവാഹിതയായ സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് രാജ്യാന്തര വാര്‍ത്താ ചാനലായ ബിബിസിയുടെ റിപ്പോര്‍ട്ട്. 30 വര്‍ഷത്തോളം നീണ്ടതായിരുന്നു ആ സുഹൃദ്ബന്ധം. ഇക്കാര്യം വ്യക്തമാക്കുന്ന നൂറ് കണക്കിന് കത്തുകളും ഫോട്ടോഗ്രാഫ്‌സും ബിബിസി പുറത്തുവിട്ടു. പോളിഷുകാരിയായ അമേരിക്കന്‍ ഫിലോസഫര്‍ അന്ന തെരേസ ടൈമീനികയുമായിട്ടായിരുന്നു മാര്‍പാപ്പയ്ക്ക് ബന്ധം.

1973ല്‍ ആണ് അന്നയുമായുള്ള സുഹൃദ്ബന്ധം ആരംഭിക്കുന്നത്. അന്ന് അദ്ദേഹം ക്രാകോവ് അതിരൂപതയിലെ മെത്രാന്‍ ആയിരുന്നു. പോപ് പദവിയില്‍ എത്തുന്നതിന് മുന്‍പ് ആയിരുന്നു ഇത്. കര്‍ദ്ദിനാള്‍ പദവിയിലിരിക്കെ തികച്ചും ഔപചാരികമായാണ് ഇരുവരും തമ്മിലുള്ള കത്തിടപാടുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്നു.

pope

കത്തിടപാടുകള്‍ പുരോഗമിച്ചു ഇതിനിടെ കര്‍ദ്ദിനാള്‍ ഫിലോസഫിയെപ്പറ്റി എഴുതിയ പുസ്തകം വിപുലീകരിച്ച് എഴുതുവാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവരും നിരവധി തവണ പരസ്പരം കണ്ടു. ചില സമയങ്ങളില്‍ കര്‍ദ്ദിനാളിന്റെ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ചില സമയങ്ങളില്‍ ഒറ്റയ്ക്കും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച കൃത്യമായ ഇടവേളകളില്‍ നീണ്ടു.

അന്ന എഴുതിയ പുസ്തകം പുനര്‍വായനയ്ക്ക് വിധേയമാക്കുന്നതായി 1974ല്‍ കര്‍ദ്ദിനാള്‍ അന്നയ്ക്ക് എഴുതി. കത്തുകളിലെ വരികളില്‍നിന്നും ഇരുവരും തമ്മില്‍ ആഴത്തിലുള്ളതും അര്‍ത്ഥവത്തുമായ ബന്ധമായിരുന്നു നിലനിന്നത് എന്ന് വ്യക്തമായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ദ്ദിനാള്‍ ആയ കരോള്‍ വോയ്റ്റിലയുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങള്‍ ആയിരുന്നു അത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ബിബിസി പുറത്തുവിട്ടു. അവധി ദിനങ്ങളില്‍ സ്‌കീയിംഗിനും മറ്റും അന്നയെ ക്ഷണിച്ചിരുന്നതായി കത്തുകളില്‍ പറയുന്നു. കൂട്ടമായുള്ള ദീര്‍ഘദിന ക്യാമ്പുകളില്‍ അന്ന പങ്കെടുത്തതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം അന്ന വത്തിക്കാന്‍ സന്ദര്‍ശിച്ച ചിത്രങ്ങളും കൂട്ടത്തിലുണ്ടെന്ന് ബിബിസി പറയുന്നു.

20-ാം നൂറ്റാണ്ടില്‍ അക്കാലത്ത് പൊതുരംഗത്ത് തിളങ്ങി നിന്നവരില്‍ ഏറ്റവും പ്രമുഖനാണ് കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. അങ്ങനെയൊരാള്‍ക്ക് സുന്ദരിയായ ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത് എന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ ചരിത്ര വിഭാഗം തലവനായ എമ്മണ്‍ ഡഫി പറയുന്നു. പോപ് ആയിരുന്ന ജോണ്‍ പോള്‍ മാര്‍പാപ്പ 2005ലാണ് അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here