കെവി സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എല്‍ഡിഎഫ് ജയം 9നെതിരെ 15 വോട്ടുകള്‍ക്ക്

കണ്ണൂര്‍: കെവി സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫിലെ തോമസ് വര്‍ഗീസിനെ ഒമ്പതിനെതിരെ 15 വോട്ടിനാണ് പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് പ്രതിനിധിയായ കെവി സുമേഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കെവി സുമേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാരായി രാജന്‍ ഫസല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്. കെവി സുമേഷിന്റെ പേര് കാരായി രാജന്‍ നിര്‍ദ്ദേശിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വികെ സുരേഷ് ബാബു(സിപിഐ) പിന്താങ്ങി. കോണ്‍ഗ്രസില്‍ നിന്നുള്ള തോമസ് വര്‍ഗീസിന്റെ പേര് ലീഗിലെ അന്‍സാരി തില്ലങ്കേരി നിര്‍ദേശിച്ചു. ജനതാദള്‍ യു പ്രതിനിധി കെപി ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്താങ്ങി. പതിനൊന്നരയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാണ് കെവി സുമേഷ്. പരിയാരം ഡിവിഷനില്‍നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, സെനറ്റംഗം, ചെങ്ങളായി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുമേഷിനെ പികെ ശ്രീമതി എംപി, സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എംവി ജയരാജന്‍, എല്‍ഡിഎഫ് നേതാക്കളായ കെപി സഹദേവന്‍, കെകെ നാരായണന്‍ എംഎല്‍എ, സി രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News