മത്സരിക്കാന്‍ തയ്യാറെന്ന് സിഎന്‍ ബാലകൃഷ്ണന്‍; അഴിമതി ആരോപണങ്ങള്‍ ബാധിക്കില്ല; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രചരണം ശരിയല്ല

തൃശൂര്‍: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. കണ്‍സ്യുമര്‍ഫെഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വടക്കാഞ്ചേരിയില്‍ മത്സരിച്ചാല്‍ വീണ്ടും ജയിക്കാനാവുമെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന പ്രചരണം ശരിയല്ലെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായതോടെയാണ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പ്രായാധിക്യം മൂലം ബാലകൃഷ്ണന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന പ്രചരണം യുഡിഎഫ് കേന്ദ്രങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കാന്‍ മാനസികമായി തയ്യാറാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും സിഎന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി. മത്സരിച്ചാല്‍ തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു

കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനുള്ള സമയം ആയിട്ടില്ലെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

വിഎം സുധീരന്റെ മനസ്സുകൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ മറുപടി നല്‍കാനാണ് സിഎന്‍ ബാലകൃഷ്ണന്റെ തീരുമാനം. മറ്റാര്‍ക്കും വഴിമുടക്കി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും മകള്‍ സിബി ഗീതയെ താന്‍ ഇടപെട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. സിഎന്‍ ബലകൃഷ്ണന്‍ ഇക്കുറി മാറി നില്‍ക്കണമെന്ന് ഐ ഗ്രൂപ്പില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിഎന്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News