പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോയെന്ന് സംശയമെന്ന് ചിദംബരം; വധശിക്ഷ വേണ്ടിയിരുന്നില്ല, ജീവപര്യന്തം മതിയായിരുന്നു

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. കേസില്‍ കോടതി എത്തിച്ചേര്‍ന്ന നിഗമനം എത്രത്തോളം ശരിയാണെന്ന് സംശയമുണ്ടെന്നും ഒരു ദേശീയമ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം അഭിപ്രായപ്പെട്ടു.

അഫ്‌സല്‍ വധശിക്ഷ അര്‍ഹിച്ചിരുന്നോയെന്നത് സംബന്ധിച്ചും 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സലിന് പങ്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചും തനിക്ക് വലിയ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ ഭാഗമായി നിന്നുകൊണ്ട് വധശിക്ഷ നടപ്പാക്കുമ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ വ്യക്തി എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കി പകരം പരോള്‍ ഇല്ലാതെ ജീവപര്യന്തം നല്‍കിയാല്‍ മതിയായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറയുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ ചിദംബരം കൈകാര്യം ചെയ്തിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുമ്പോള്‍ സുശീല്‍ കുമാര്‍ ഷിന്‍ഡേ ആയിരുന്നു ആഭ്യന്തരമന്ത്രി. അതുകൊണ്ട് ആഭ്യന്തര വകുപ്പ് സ്വീകരിച്ച നിലപാടിനെ സംബന്ധിച്ച് തനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു. 2013 ഫെബ്രുവരി 9ന് ഡല്‍ഹി തീഹാര്‍ ജയിലിലാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് തികച്ചും അന്യായമാണെന്നും കോടതി ഇത്തരം വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയുമെന്നും പി.ചിദംബരം ആവശ്യപ്പെട്ടു. എതിരഭിപ്രായം പറയുന്നവരെ ദേശദ്രോഹികളാക്കുന്ന സമീപനത്തോട് യോജിക്കാന്‍ കഴിയില്ല. സ്വതന്ത്രമായി സംസാരിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്നും ചിദംബരം ചോദിച്ചു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ വിളിക്കുന്ന തീവ്ര മുദ്രാവാക്യങ്ങള്‍ അത് ശരിയായാലും തെറ്റായാലും അനാവശ്യമായ ഗൗരവം അതിന് കൊടുക്കരുതെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News