ലാവ്‌ലിന്‍ കേസ്; രാഷ്ട്രീയനേട്ടത്തിന് പദവി ദുരുപയോഗം ചെയ്ത ഡിജിപി അസഫ് അലി രാജിവയ്ക്കണമെന്ന് കോടിയേരി; സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനു കോടതിയെ ഉപയോഗിക്കുന്നെന്ന് കോടതിക്കും മനസ്സിലായി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കി ഉപഹര്‍ജി കൊടുത്ത ഡിജിപി അസഫ് അലി രാഷ്ട്രീയനേട്ടത്തിനായി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഇപ്പോള്‍ കോടതി തന്നെ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഡിജിപി അസഫ് അലി സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹം രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി പദവി ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. നേരത്തെ അഭിഭാഷകനായിരുന്ന സമയത്ത് കേസ് സിബിഐക്ക് വിടണമെന്നു പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ച ആളാണ് അസഫ് അലിയെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ആഭ്യന്തരമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഉപഹര്‍ജി കൊടുക്കേണ്ടതില്ലെന്നു നോട്ട് നല്‍കിയിട്ടും അതിനെയെല്ലാം മറികടന്ന് മുന്നോട്ടു പോയത് ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയായിരുന്നു. 2000 മുതല്‍ ഇത്തരത്തിലുള്ള പലകേസുകളും കോടതിയില്‍ കെട്ടിക്കിടക്കുമ്പോഴായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു ഈ നീക്കത്തിനു പിന്നില്‍.

എന്നാല്‍, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി തന്നെ പറയുന്ന അവസ്ഥ ഉണ്ടായി. ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നീക്കം തടയപ്പെടുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News