എന്നെ ഭീകരവാദിയെന്നു മാത്രം വിളിക്കരുത്; ജയിലില്‍ നിന്നിറങ്ങിയ സഞ്ജയ് ദത്തിന്റെ വികാരഭരിതമായ വാക്കുകള്‍

മുംബൈ: എന്നെ ഭീകരവാദിയെന്നു വിളിക്കരുത്. ഞാന്‍ ഭീകരവാദിയല്ല. ആയുധം കൈവശം വച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെന്നു മാത്രം തന്നെ വിളിക്കരുതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. മുബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട താരം ജയില്‍മോചിതനായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വികാരഭരിതമായി ഇങ്ങനെ പറഞ്ഞത്. ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മണ്ണു തൊട്ടുവന്ദിച്ചതും ദേശീയ പതാകയെ സല്യൂട്ട് ചെയ്തതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

23 വര്‍ഷമായി താന്‍ കാത്തിരുന്ന ദിവസമാണ് ഇന്ന്. സ്വാതന്ത്യത്തിലേക്ക് നടന്നടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു താന്‍. താന്‍ ഭീകരവാദിയല്ലെന്നു കോടതി പറഞ്ഞതാണ് തനിക്ക് ഏറെ ആശ്വാസം പകര്‍ന്നത്. താന്‍ ഭീകരവാദിയല്ലെന്നു കേള്‍ക്കാന്‍ ഏറെ കൊതിച്ച തന്റെ പിതാവിനെയാണ് താന്‍ ഏറ്റവുമധികം ഓര്‍ക്കുന്നതെന്നും ദത്ത് കൂട്ടിച്ചേര്‍ത്തു. ഭാര്യ മാന്യതയാണ് ഇക്കാലമത്രയും തനിക്കു ശക്തിയും പ്രചോദനവുമായത്. ജയിലില്‍ ജോലി ചെയ്ത് ലഭിച്ച 440 രൂപ ഭാര്യയ്ക്കാണ് നല്‍കിയത്. സല്‍മാന്‍ ഖാന്‍ തനിക്കെന്നും സഹോദരതുല്യനാണെന്നും ദത്ത് പറഞ്ഞു.

മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിനാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചിരുന്നത്. അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ച് ഏര്‍വാഡ ജയിലില്‍ കഴിയുകയായിരുന്ന ദത്തിന് നല്ല നടപ്പിന്റെ പേരില്‍ ശിക്ഷ ഇളവു ചെയ്തു നല്‍കുകയായിരുന്നു. നല്ലനടപ്പിനു ഓരോ മാസവും ഏഴു ദിവസം ശിക്ഷയില്‍ ഇളവു ലഭിച്ചിരുന്നു. നേരത്തെ വിചാരണസമയത്ത് 18 മാസം ജയിലില്‍ ആയിരുന്നതിനാല്‍ അവശേഷിക്കുന്ന കാലാവധിയാണ് പിന്നീട് പൂര്‍ത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News