സണ്ണി ലിയോണിന് ലഭിക്കുന്ന സ്വീകാര്യത ഒരിക്കല്‍ തനിക്കും ലഭിക്കുമെന്ന് ഷക്കീല; ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും പ്രേക്ഷകരുടെ താത്പര്യം; ഷക്കീലക്കൊപ്പം വേദി പങ്കിടാന്‍ എത്രപേര്‍ തയാറാകുമെന്ന ചോദ്യങ്ങള്‍ക്ക് മറുപടി

ബോളിവുഡ് നടി സണ്ണി ലിയോണിനൊപ്പം നടന്‍ ജയസൂര്യയടക്കമുള്ളവര്‍ വേദി പങ്കിട്ടത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സണ്ണിയോട് സംസാരിച്ചുകഴിഞ്ഞപ്പോള്‍ ബഹുമാനം തോന്നിയെന്ന നടന്റെ പോസ്റ്റിനും വന്‍സ്വീകരണമാണ് ലഭിച്ചത്. അതേസമയം തന്നെ സണ്ണിയെ ആദരിക്കുമ്പോള്‍, ഷക്കീലയെ പോലെയുള്ളവര്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അവരോടൊപ്പം വേദി പങ്കിടാന്‍ ഇവിടെ എത്രപേര്‍ തയാറാകുമെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സജീവമായ ഈ ചര്‍ച്ചകളില്‍ പ്രതികരണവുമായി ഒടുവില്‍ ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സണ്ണി ലിയോണിന് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണം തനിക്ക് ശുഭപ്രതീക്ഷകളാണ് നല്‍കുന്നതെന്ന് ഷക്കീല പറഞ്ഞു. നല്ല വേഷങ്ങള്‍ തന്നെയും തേടിയെത്തുമെന്നും സണ്ണിയെ പോലെ നാളെ താനും അംഗീകരിക്കപ്പെടുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമൊക്കെ പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്നും തനിക്ക് പിന്തുണ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും ഷക്കീല മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.

അഞ്ചു വര്‍ഷത്തോളം താന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്നു. ഒരു പരിചയവുമില്ലാത്ത പുരുഷന്മാര്‍ക്കൊപ്പം ധാരാളം സിനിമകളില്‍ വൈകാരികമായി അഭിനയിച്ചിട്ടുമുണ്ട്. തനിക്ക് കരയാനും ചിരിക്കാനും അറിയാം. പ്രേക്ഷകര്‍ തന്നെ സ്‌നേഹിച്ചിട്ടുണ്ട്. ചിലര്‍ നല്ല രീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും സംവിധായകര്‍ക്ക് എന്നില്‍ വിശ്വാസമില്ലെന്ന് ഷക്കീല പറയുന്നു.

അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍, നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും അത് തെളിയിച്ചുകാണിക്കാന്‍ ഒരവസരം ലഭിക്കണമെന്നുമാത്രമാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥനയെന്നും ഷക്കീല പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് സണ്ണി ലിയോണിന് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

വനിത ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. സണ്ണിക്കൊപ്പം സെല്‍ഫി എടുത്ത ശേഷം, സണ്ണി നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് ജയസൂര്യ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഷക്കീലയെ മലയാളികള്‍ അവഗണിക്കുന്നുവെന്ന് ചര്‍ച്ചകള്‍ സജീവമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News