സര്‍പ്രൈസ് ഗിഫ്റ്റ് ആയി ഭര്‍ത്താവിന് ഹാര്‍ലി ഡേവിസണ്‍ ബൈക്ക് വാങ്ങിക്കൊടുത്ത ഭാര്യ; വീഡിയോ കാണാം

മൂന്നു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ഒരുരൂപ പോലും ചെലവാക്കാതെ മാറ്റിവച്ച് അഖിലി ഒരു ബൈക്ക് വാങ്ങി. ഹാര്‍ലി ഡേവിസണ്‍ തന്നെ. അത് തനിക്കു വേണ്ടിയായിരുന്നില്ല. തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ എക്കാലത്തെയും ആഗ്രഹം സാധിച്ചു നല്‍കുകയായിരുന്നു അഖിലി. ഗൗരവിന് അഖിലിയുടെ പ്രണയസമ്മാനം. ആരും കൊതിച്ചു പോകുന്ന ഒരു സമ്മാനം. ഗൗരവിനെ പോലും ഞെട്ടിച്ചു കൊണ്ട് അഖിലി ഈ സമ്മാനം നല്‍കിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ആരും കൊതിച്ചു പോകുന്ന ഒരു കഥ.

കഥ നടക്കുന്നത് മൂന്നു വര്‍ഷം മുമ്പ്. അന്ന് അഖിലി ഗൗരവിന്റെ ഭാര്യയായിട്ടില്ല. പ്രണിയിനി മാത്രം. അന്ന് ഒരു പിറന്നാള്‍ ആഘോഷത്തിനിടെ അവിചാരിതമായി ഗൗരവിന്റെ വാര്‍ഡ്രോബ് തുറന്ന അഖിലിക്ക് ഒരു കുറിപ്പു കിട്ടി. അതില്‍ തന്റെ ജീവിതത്തിലെ രണ്ടു പ്രധാന ലക്ഷ്യങ്ങള്‍ ഗൗരവ് കുറിച്ചിരുന്നു. 2012 ഓഗസ്റ്റ് 25, 2015 ഡിസംബര്‍ 11 എന്നീ തിയതികള്‍ക്കു നേരെ. ആദ്യത്തെ തിയതിക്കു നേരെ എഴുതിയിരുന്നത് കമ്പനി സെക്രട്ടറി എക്‌സാം പാസാവുക എന്നതായിരുന്നു. രണ്ടാമത്തേത് 2015 ഡിസംബര്‍ 11നു തനിക്ക് ഒരു ഹാര്‍ലി ഡേവിസണ്‍ അയണ്‍ 883 ബൈക്ക് വാങ്ങണം എന്നതും. ആദ്യത്തെ ആഗ്രഹം വൈകാതെ സാധിച്ച ഗൗരവ് അഖിലിയെ വിളിച്ച് തന്റെ സന്തോഷം അറിയിക്കുകയും ചെയ്തു.

രണ്ടാമത്തെ ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് എന്നു നടക്കുമെന്ന് അറിയില്ലെന്നും വിവാഹം കഴിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗൗരവ് പറഞ്ഞു. അന്നുമുതല്‍ അഖിലി മനസ്സിലുറപ്പിച്ചു. ഹാര്‍ലി ഡേവിസണ്‍ അയണ്‍ 883 ബൈക്ക് തന്നെ നല്‍കി ഭര്‍ത്താവിനെ ഞെട്ടിക്കണമെന്ന്. കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ പ്രഫഷണലായ അഖിലി അന്നുമുതല്‍ തന്റെ ശമ്പളം ഒരുരൂപ പോലും ചെലവാക്കാതെ മാറ്റിവയ്ക്കാന്‍ തുടങ്ങി. അങ്ങനെ മൂന്നുവര്‍ഷം കൊണ്ട് ഇതിനുള്ള പണം കണ്ടെത്തിയ അഖിലി ഹാര്‍ലി വാങ്ങിച്ചു.

Akhilee Matta and her husband Gaurav Sethi with their new Harley Davidson.

ഭര്‍ത്താവ് സ്വപ്‌നസാഫല്യത്തിനായി കുറിച്ച അതേ തിയതി, 2015 ഡിസംബര്‍ 11ന് ഗൗരവിനെ കണ്ണുകെട്ടി അഖിലി കൊണ്ടുപോയത് ഹാര്‍ലി ഡേവിസണ്‍ ഷോറൂമിലേക്കായിരുന്നു. അവിടെ വച്ച് വണ്ടിയുടെ ബുക്കും പേപ്പറും കയ്യില്‍ കിട്ടിയിട്ടും അന്തിച്ചു നിന്ന ഗൗരവിനെ നോക്കി ഷോറൂമുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് നിങ്ങളുടെ ബൈക്കാണെന്ന്. എന്നിട്ടും വിസ്മയിച്ചു നില്‍ക്കാന്‍ മാത്രമേ ഗൗരവിനായുള്ളു. ഗിഫ്റ്റ് കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതിന് താന്‍ നന്ദി പറയുന്നത് തന്നെ സമ്പാദ്യശീലം പഠിപ്പിച്ച അച്ഛനോടും അമ്മയോടുമാണെന്നും അഖിലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel