സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ ദേശവ്യാപക പ്രക്ഷോഭത്തിന്; ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യമെങ്ങും മനുഷ്യച്ചങ്ങല

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു-യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23ന് മുഴുവന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും മനുഷ്യച്ചങ്ങല തീര്‍ക്കും. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ഇടത് സംഘടനകള്‍ ആവിശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, ആര്‍വൈഎഫ്, ആര്‍വൈഎ അടക്കമുള്ള ഇടത് യുവജനസംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്.

ചന്ദ്രശേഖര്‍ ആസാദിന്റെ രക്തസാക്ഷിത്വദിനമായ ഫെബ്രുവരി 27ന് രാജ്യവ്യാപക പ്രതിഷേധ സമരം ആരംഭിച്ചു. സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമം നടപ്പാകില്ലെന്ന് ഇടത് യുവജനസംഘടനകള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. രോഹിത് വെമുലയുടെ കുടുംബത്തിന് നീതി ലഭിക്കണം. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയും രോഹിതിന്റെ മരണത്തിന് ഉത്തരവാദികളുമായ സമൃതി ഇറാനി, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ രാജിവയ്ക്കണമെന്നും യുവജനസംഘടനകള്‍ ദില്ലിയില്‍ ആവശ്യപ്പെട്ടു.

വ്യാജ തെളിവുകളില്‍ കേന്ദ്രസര്‍ക്കാര്‍ ജെഎന്‍യു വിദ്യാര്‍ഥികളെ വേട്ടയാടുന്നു. സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരെ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വദിനമായ മാര്‍ച്ച് 23 മുതല്‍ 31 വരെ രാജ്യത്തെ മുഴുവന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. കനയ്യ കുമാര്‍ അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും ഇടത് സംഘടനകള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here