ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി പിഴയിട്ടു; ശിക്ഷ ലോക സാംസ്‌കാരികോത്സവത്തിന്റെ വേദിയൊരുക്കി നദീതടം അലങ്കോലമാക്കിയതിന്

ദില്ലി: ആര്‍ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴയിട്ടു. ന്യൂഡല്‍ഹിയില്‍ അടുത്തമാസം പതിനൊന്നു മുതല്‍ പതിമൂന്നുവരെ നടക്കാനിരിക്കുന്ന ലോക സാംസ്‌കാരിക സമ്മേളനത്തിന് വേദിയൊരുക്കാനായി നദീതടം അലങ്കോലമാക്കിയതിനാണ് നടപടി. സമ്മേളനം തുടങ്ങും മുമ്പ് പിഴയീടാക്കണമെന്നും തുക പ്രത്യേകം അക്കൗണ്ടിലാക്കി സൂക്ഷിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ നദീതടം പഴരീതിയില്‍ തിരികെയാക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

ആയിരം ഏക്കറില്‍ പരന്നുകിടക്കുന്ന പ്രദേശമാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇവിടെ നാല്‍പതടി ഉയരത്തില്‍ ബഹുനില പന്തലുകളും നിരവധി താല്‍കാലിക വാസസ്ഥലങ്ങളും പാര്‍ക്കിംഗ് ഏരിയയും തയാറാക്കിയിട്ടുണ്ട്. യമുന ജിയേ അഭിയാന്‍ എന്ന സംഘടനയുടെ പ്രതിനിധി മനോജ് മിശ്രയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രദേശത്തു പരിശോധന നടത്തി. മുമ്പു പ്രദേശത്തുനിലനിന്നിരുന്ന നീര്‍ത്തടങ്ങള്‍ ഇല്ലാതായെന്നും നിരവധി മരങ്ങള്‍ വെട്ടിക്കളഞ്ഞതായും കണ്ടെത്തി.

സമ്മേളനം റദ്ദാക്കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടില്ല. യമുനയുടെ പാരിസ്ഥിതകാവസ്ഥ താളം തെറ്റിയാല്‍ അതു മുപ്പത്തഞ്ചു ലക്ഷം ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണെന്നു ട്രിബ്യൂണല്‍ വിലയിരുത്തി. തങ്ങള്‍ ദില്ലി വികസന അഥോറിട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വേദിയൊരുക്കുന്നതെന്നായിരുന്നു ആര്‍ട് ഓഫ് ലിവിംഗ് ഡയറക്ടര്‍ ഗൗതം വിജിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel