കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇടക്കാല ജാമ്യം ഉപാധികളോടെ 6 മാസത്തേക്ക്; 10,000 രൂപ കെട്ടിവയ്ക്കണം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിഷയത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് കോടതി കനയ്യ കുമാറിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന ദില്ലി പൊലീസിന്റെ ആവശ്യത്തെ തള്ളിയാണ് ഹൈക്കോടതി കനയ്യക്ക് ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 മുതല്‍ കനയ്യ തിഹാര്‍ ജയിലില്‍ തടവിലാണ്. രാജ്യദ്രോഹക്കുറ്റമായിരുന്നു കനയ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോള്‍ കനയ്യക്കെതിരെ തെളിവില്ലെന്നു പൊലീസ് കോടതിയില്‍ മലക്കം മറിഞ്ഞിരുന്നു. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിയിക്കാനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

കനയ്യക്കെതിരെ തെളിവായി സമര്‍പ്പിക്കപ്പെട്ടിരുന്ന ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം എഡിറ്റ് ചെയ്താണ് രാജ്യദ്രോഹ മുദ്രാവാക്യം ചേര്‍ത്തതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News