ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികം

ലാറ്റിന്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. 2013 മാര്‍ച്ച് 5നാണ് 14 വര്‍ഷക്കാലം വെനസ്വേലയെ ഭരിച്ച ഷാവെസ് അന്തരിച്ചത്. 1958 ജൂലൈ 28നാണ് ഷാവെസ് ജനിച്ചത്. 1999-ല്‍ വെനസ്വേലയുടെ ഭരണചക്രം ഏറ്റെടുത്ത ഷാവെസ് 2013-ല്‍ മരിക്കുന്നതു വരെ വെനസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്നു. രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഷാവെസ്.

ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്‌മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായാണ് ഷാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാര്‍ട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാര്‍ട്ടികളുമായി ലയിച്ചു. അങ്ങനെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേലയുടെ നേതൃസ്ഥാനവും ഷാവെസില്‍ എത്തിച്ചേര്‍ന്നു. മേഖലയിലെ വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ചതും ഷാവെസായിരുന്നു. അതിലൂടെ സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ചു.

1992-ലെ വെനസ്വേലന്‍ സര്‍ക്കാര്‍ അട്ടിമറി ശ്രമത്തിലൂടെയാണ് ഷാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാകുന്നത്. ഇതേതുടര്‍ന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലില്‍ അടച്ചു. ഇതിനു ശേഷമാണ് ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലൂടെ 1998-ല്‍ വെനസ്വേലയുടെ അധികാരത്തില്‍ ഷാവെസ് എത്തുന്നത്. 2002ല്‍ നടന്ന ഭരണ അട്ടിമറിയില്‍ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തില്‍ തിരിച്ചെത്തി. വെനസ്വേലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജന വിഭാഗങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്താണ് ഷാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here