താരന്‍ വില്ലനാണ്..; ഇമ്മിണി വല്യ വില്ലന്‍; താരന്‍ ഉണ്ടാക്കുന്ന ഏഴു പ്രശ്‌നങ്ങള്‍

താരന്‍ എന്ന പ്രശ്‌നം ഇന്ന് അനുഭവിക്കാത്തവര്‍ കുറവാണ്. തലയില്‍ താരന്‍ വന്നു കഴിഞ്ഞാലാകട്ടെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. ഇനി ലോകത്തുള്ള സകല മരുന്നുകളും പരീക്ഷിച്ചാലും താരനെ പടിയിറക്കി വിടുക എന്നത് അത്ര പെട്ടെന്നു പറ്റുന്ന ഒന്നല്ലതാനും. താരന്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ വസ്ത്രങ്ങളിലും മുഖത്തുമൊക്കെ വെളുത്ത പൊടികളായി താരന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുക മാത്രമല്ല, മറ്റൊരാളെ അഭിമുഖീകരിക്കാന്‍ മാനസികമായി ഇത് പ്രശ്‌നമുണ്ടാക്കും. താരന്‍ ശരീരത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയാമോ?

1. മുഖക്കുരു

താരന്‍ വന്നു കഴിഞ്ഞാല്‍ പ്രധാന പ്രശ്‌നമാണ് മുഖക്കുരു. താരന്‍ ഇല്ലാതിരുന്നപ്പോള്‍ നല്ല ഭംഗിയുള്ള മുഖമായിരുന്നെന്ന് പലരും പരിതപിക്കുന്നത് കേട്ടിട്ടുണ്ടാകും. താരന്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അതു തന്നെയാണ് നിങ്ങളുടെ മുഖം വികൃതമാക്കി വന്ന ഈ മുഖക്കുരുവിനും പിന്നില്‍. ഇനി ചെയ്യാന്‍ ഇത്ര മാത്രമേ ഉള്ളൂ താരന്‍ ഒഴിഞ്ഞു പോകുന്നതു വരെ മുടിയിഴകള്‍ മുഖത്തു വീഴാതെ ശ്രദ്ധിക്കുക. അല്ലാതെ എങ്ങനെ തലകുത്തി മറിഞ്ഞാലും താരന്‍ ഒഴിവായിപ്പോകില്ല.

2. ചൊറിച്ചില്‍

വളരെ മാന്യമായി ഇരിക്കേണ്ട സ്ഥലത്ത് ഇരിക്കുമ്പോഴായിരിക്കും ആ വൃത്തികെട്ട ചൊറിച്ചില്‍ തലയില്‍ അനുഭവപ്പെടുന്നത്. ഇത് മറ്റുള്ളവര്‍ക്ക് മുന്നില്‍ നാണംകെടുത്തുകയും ചെയ്യും. താരന്‍ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നം ചൊറിച്ചിലാണ്. താരന്‍ മൂലം തലയോട്ടില്‍ ഉണ്ടാകുന്ന നശിച്ച കോശങ്ങളാണ് ഈ ചൊറിച്ചിലിനു പിന്നില്‍. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങളിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരം ലഭിച്ചില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക മാത്രമാണ് ഇവിടെ ചെയ്യാന്‍ സാധിക്കുന്നത്.

3. പുറകുഭാഗത്തെ കുരുക്കള്‍

താരന്‍ ഉണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ശരീരത്തിന്റെ പുറകു ഭാഗത്തു വരുന്ന കുരുക്കള്‍. താരന്‍ അകറ്റാതെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുമില്ല. അതുകൊണ്ട് താരന്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ആദ്യം സ്വീകരിക്കുക. അല്ലാതെ എന്തു ചെയ്തിട്ടും കാര്യമില്ല.

4. മുടി കൊഴിച്ചില്‍

തല ചീകുമ്പോഴും തല തുവര്‍ത്തുമ്പോഴും മുടിയിഴകള്‍ വല്ലാതെ കൊഴിയുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ. തലയില്‍ താരന്‍ താമസം തുടങ്ങിയിട്ടുണ്ട്. താരനെക്കാളും താരന്‍ ഉണ്ടാക്കുന്ന ചൊറിച്ചിലാണ് മുടി കൊഴിയാന്‍ കാരണമാക്കുന്നത്.

5. സോറിയോസിസ്

കടുത്ത താരന്‍ മൂലമുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് സോറിയോസിസ്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ് സോറിയോസിസ്. ചെവികളുടെ പുറകിലായാണ് സോറിയോസിസ് കുരുക്കളുണ്ടാകുക. തുടര്‍ന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇവ വ്യാപിക്കുന്നു.

6. കണ്ണുകളില്‍ ഇന്‍ഫെക്ഷന്‍

ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കണ്ണുകള്‍ക്കുണ്ടാകുന്ന ബ്ലെഫാരിറ്റിസ് എന്ന പ്രശ്‌നത്തിനു കാരണക്കാരന്‍ താരന്‍ ആണെന്നാണ്. കണ്ണുകള്‍ ചുവക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, കണ്‍പീലികളില്‍ താരന്‍ ഉണ്ടാകുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

7. മുടി ഓയിലി ആയിരിക്കുക

എത്ര ഷാംപൂ ചെയ്താലും മുടി വല്ലാതെ ഓയിലി ആയിരിക്കും. ഇതും താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നം തന്നെയാണ്. താരന്‍ തലയിലെത്തിയാല്‍ തലയോട്ടിയില്‍ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് തലമുടിയിലെ അധിക എണ്ണമയത്തിനു കാരണം. ദിവസവും തല നന്നായി കഴുകിയാല്‍ ഈ പ്രശ്‌നത്തിനു ഒരു പരിധി വരെ സഹായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News