കാലാവധി കഴിയും മുന്‍പേ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം; പിന്‍വാതില്‍ വഴി നിയമനം നല്‍കിയ 30,000 പേരെ സ്ഥിരപ്പെടുത്തുന്നു

കൊച്ചി: പിന്‍വാതില്‍ വഴി നിയമനം നല്‍കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഭരണ ഘടനാ വ്യവസ്ഥയും സുപ്രീംകോടതി ഉത്തരവും മറികടന്നാണ് മുപ്പതിനായിരത്തോളം പേരെ സ്ഥിരപ്പെടുത്തുന്നത്. നിയമനം റദ്ദാക്കണമെന്ന ശിപാര്‍ശ അവഗണിച്ച സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം 30,000ഓളം പേരെയാണ് താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം 25ശതമാനം നിയമനങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ സെക്രട്ടറിയടക്കമുള്ള വകുപ്പ് സെക്രട്ടറിമാര്‍ 2015 ആദ്യത്തില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് മറികടന്നാണ് ഇവരെ സ്ഥിരപ്പെടുത്താന്‍ നീക്കം.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തവേളയിലെ ഈ നീക്കം വലിയ കോഴ ഇടപാടുകള്‍ക്കാണ് വഴിവയ്ക്കുക. റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

2006 ഒക്ടോബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം. കൂടാതെ ഭരണഘടനയുടെ 309-ാം അനുച്ഛേദത്തിന്റെ ലംഘനം കൂടിയാണ് സര്‍ക്കാര്‍ നിലപാട്. പിഎസ് സി വഴി നിയമനം കാത്തിരിക്കുന്ന നിരവധി ഉദ്യോഗര്‍ത്ഥികളെ അവഗണിച്ചുകൊണ്ടാണ്, സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയ താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് എന്നത് ഖേദകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News