ആദിവാസി സ്ത്രീകള്‍ നടത്തേണ്ടി വരുന്ന പോരാട്ടം വളരെ വലുതാണ്; കൂടുതല്‍ മെച്ചപ്പെട്ട നാളെയിലേയ്ക്കുള്ളപരിശ്രമത്തിലാണ് ഞങ്ങൾ; മംഗ്ലു എ‍ഴുതുന്നു

സ്വാതന്ത്ര്യവും പരിഗണനയും സമൂഹത്തില്‍ ഒരു വ്യക്തിയുടെ വളര്‍ച്ചക്കു വേണ്ട പ്രധാന ഘടകങ്ങളാണ്. പുതിയ കാലത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യം മുന്‍കാലങ്ങളില്‍ നിന്നും താരതമ്യേന കൂടുതലായി ലഭിക്കുന്നുണ്ട്. എന്നാല്‍ ഇക്കാലത്തും തങ്ങള്‍ക്ക് അവകാശപ്പെട്ടതും ആവശ്യമുള്ളത്രയുമായ സ്വാതന്ത്ര്യം അവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മുന്‍കാലത്ത് കുടുംബം നോക്കാനും കുട്ടികളെ പരിപാലിക്കാനും മാത്രമായി ഒതുങ്ങിക്കഴിഞ്ഞവര്‍ക്ക് ഇന്ന് കുടുംബത്തിനായിട്ടെങ്കിലും തൊഴിലിനുകൂടി പോകേണ്ട അവസ്ഥ ഉണ്ടായി. അതിലൂടെ ലഭിക്കുന്ന പുതിയ അവസരങ്ങള്‍ സ്ത്രീകളെ കൂടുതല്‍ ശേഷിയുള്ളവരും കരുത്തുള്ളവരുമാക്കുന്നുണ്ട്. വിദ്യാഭ്യാസവും സമ്പത്തും ഏത് മേഖലയിലേയ്ക്കും കടന്നു ചെല്ലാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നു. പുരുഷനൊപ്പം സാമൂഹിക ഇടങ്ങളും സാസ്‌കാരിക ഇടങ്ങളും പങ്കിടാന്‍ ഇന്ന് അവര്‍ക്കാകുന്നു. പരിഗണന ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ വിജയം വരിക്കാനും കൂടുതല്‍ വ്യത്യസ്ഥ മേഖലകളിലേയ്ക്ക് കടന്നു ചെന്ന് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്നും സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ ശക്തമായി നിലനില്‍ക്കുന്നു. ഇതിനെയെല്ലാം ദൈനംദിനം മറികടന്നാണ് സ്ത്രീകള്‍ ജീവിക്കുന്നത്. ഇതില്‍തന്നെ ആദിവാസി സ്ത്രീകള്‍ നടത്തേണ്ടി വരുന്ന പോരാട്ടം വളരെ വലുതാണ്. കേരളത്തില്‍ ഒരു വനിതാ നേതാവിന്റെയും മുഖം പോലീസിന്റെ അടികൊണ്ട് വീര്‍ക്കില്ല, ഇവിടെ ഒരു വനിതയുടെയും രഹസ്യഭാഗങ്ങളില്‍ കല്ലുകള്‍ നിറക്കില്ല, ആദിവാസിയുടെതല്ലാതെ. സ്ത്രീകള്‍ക്കെതിരായി നിലനില്‍ക്കുന്ന വിവേചനത്തിന്റെ എത്രയോ മടങ്ങ് മാരകമായ ജാതീയതയുടെയും വംശീയതയുടെയും പീഡനം കൂടി ഏല്‍ക്കേണ്ടി വരുന്നവരാണ് ആദിവാസി സ്ത്രീകള്‍. നിറത്തിന്റെയും രൂപത്തിന്റെയും ഭാഷയുടെയും വേഷവിധാനങ്ങളുടെയും പേരില്‍ ഓരോ നിമിഷവും അകറ്റി നിര്‍ത്തപ്പെടുന്ന അടിച്ചമര്‍ത്തപ്പെടുന്ന ജീവിതങ്ങളാണ് അവ. വേഷവിതാനങ്ങളിലൂടെ ഒരു ആദിവാസി എന്ന് തോന്നിപ്പിച്ചതുകൊണ്ടാണ് പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തക ദയാബായി ബസ്സില്‍ നിന്നും ഇറക്കിവിടപ്പെട്ടത്. അവര്‍ ദയാബായി ആയതുകൊണ്ട് മാത്രമാണ് ഇതിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടത്.

സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദയം ഇറക്കിവിടപ്പെടുന്നവരാണ് ആദിവാസി സ്ത്രീകള്‍. അടുത്തൊരു ജംഗ്ഷനിലേയ്ക്ക് യാത്ര ചെയ്യാന്‍ വരെ ചന്ദ്രനില്‍ പോകാന്‍ വേണ്ടത്ര അദ്ധ്വാനിക്കേണ്ടി വരുന്നവര്‍. സമൂഹത്തിന്റെ മുകളിലേയ്ക്ക് തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന ആദിവാസി സ്ത്രീകള്‍ എത്രമാത്രം പരിശ്രമിക്കുന്നവരാണെന്നും, മലയാളികള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അഭിമാനിക്കുന്ന മൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിലും എത്രയോ മുകളില്‍ എത്തേണ്ടവരായിരുന്നെന്നും മനസിലാക്കണം. ഇപ്പോഴും സാമൂഹ്യ പ്രവര്‍ത്തന രംഗത്തല്ലാതെ മറ്റൊരു സ്ഥലത്തേയ്ക്കും ആദിവാസി സ്ത്രീകളെ പരിഗണിക്കാതിരിക്കാന്‍ സമൂഹം ശ്രമിക്കുന്നു. പുതിയ തലമുറയെയും എല്ലാ തലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തില്‍നിന്നും തൊഴില്‍ മേകലകളില്‍നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ ശരിയായ രീതിയില്‍ പഠിക്കാന്‍ പോലും ശ്രമിക്കുന്നില്ല.

വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണ്. ആയിരക്കണക്കിന് ആദിവാസി കുട്ടികളാണ് കേരളത്തില്‍ വര്‍ഷം തോറും സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടുന്നത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. സ്‌കൂള്‍ ഡ്രോപ്പ് ഔട്ടാകുന്ന കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണത്. ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തില്‍ നിന്നാണ് ഇവര്‍ പുറത്ത് പോകുന്നത്. ഈ കൊഴിഞ്ഞു പോക്കിന് അനവധിയായ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ ഉണ്ടെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കുന്ന അവസരത്തില്‍ അവയൊന്നും തന്നെ സമഗ്രമായി പരിഗണിക്കപ്പെടാറില്ല. ഈ സമൂഹത്തെയും അതിലെ സ്ത്രീകളെയും വീണ്ടും പിന്നോട്ട് കൊണ്ട് പോകാനാണ് ഇതിലൂടെ മറ്റുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതനെയെല്ലാം തട്ടിമാറ്റി മുന്നോട്ട് വരുന്ന സ്ത്രീകളുടെ ഒരു യുവ നിര ഇന്ന് ആദിവാസി സമൂഹത്തിലുണ്ട്. പൊതു പ്രശ്‌നങ്ങളില്‍ സധൈര്യം ഇടപെടുന്നതും ഈ സ്ത്രീകളാണ്. സ്വന്തം സമുദായത്തിനകത്ത് സ്ത്രീകള്‍ക്ക് കിട്ടുന്ന മെച്ചപ്പെട്ട പരിഗണനയും ഇതിന് കാരണമാണ്. കൂടുതല്‍ മെച്ചപ്പെട്ട നാളെയിലേയ്ക്കുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here