നിഴലില്‍നിന്നു നക്ഷത്രങ്ങളിലേക്കുള്ള യാത്ര; പെണ്‍ജീവിതങ്ങളെക്കുറിച്ചു മഞ്ജു രാജ് എഴുതുന്നു

ളവുകോലുകള്‍ക്കപ്പുറം തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കുമ്പോള്‍ അരികെയുള്ള നിഴലുകളെ അവഗണിക്കുന്നതു യാത്രകളുടെ ഒരു ശൈലി തന്നെയാണ്. ചുവരെഴുത്തുകളില്‍നിന്നു കടമെടുത്ത വാക്കുകളാണ് നിഴലില്‍നിന്നും നക്ഷത്രങ്ങളിലേക്ക്. തെരഞ്ഞെടുപ്പുകള്‍ പല മേഖലകളില്‍നിന്നാണ്. തെരഞ്ഞെടുക്കപ്പെട്ട നക്ഷത്രങ്ങള്‍ ആശംസകള്‍ക്ക് അര്‍ഹരാവുമ്പോള്‍ ഒരു നിശ്ചിത രൂപമില്ല. നിഴലുകള്‍ പൊരിവെയിലത്തും ഇരുളിലും ജീവിതത്തിനു മുന്നില്‍ നോക്കുകുത്തിയെപ്പോലെ നില്‍ക്കുന്നുണ്ടാവും.

റബര്‍ബാന്‍ഡുകണക്കെ ഓര്‍മകളെ പിന്നിലേക്കു വലിച്ചു നീട്ടുമ്പോള്‍ ഓര്‍മകള്‍ എത്തുന്നത് അമ്മിഞ്ഞമണമുള്ള ചുണ്ടുകളിലേക്കാണ്. മെലിഞ്ഞ റബര്‍ബാന്‍ഡ് പൂര്‍വസ്ഥിതിയിലാകുമ്പോള്‍ കണ്ണുകള്‍ ട്രാഫിക് സിഗ്നലുകളില്‍ കച്ചവടം നടത്തി ജീവിക്കുന്ന പെണ്ണിന്റെ മാറില്‍ പൊടിയും വെയിലുമേറ്റു മയങ്ങുന്ന അമ്മിഞ്ഞ മണമുള്ള ചുണ്ടുകളില്‍ ഉടക്കുന്നു. ചുണ്ടുകളുടെയോ മേല്‍ക്കൂരയുടെയോ ആവരണമില്ലാതെ ജനിച്ചും വളര്‍ന്നും ജനിപ്പിച്ചും അതിസാധാരണമാം വിധം ജീവിതയാത്രയില്‍ തുടരുന്ന തെരുവുപെണ്ണിന്റെ കാഴ്ചകളില്‍നിന്നു തുടങ്ങുന്ന പെണ്‍പെരുമ.

യാത നഗരവഴികളും താണ്ടി ശബ്ദകോലങ്ങളുടെ മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നു. അടുക്കള പാത്രങ്ങളോടു കലപിലകൂടിയും കനലും കരിയും പറഞ്ഞു പഴകിയ കഥകളും നിറഞ്ഞ വീട്ടമ്മവേഷം എങ്ങോ അഴിഞ്ഞുപോയിരിക്കുന്നു കാലവീഥിയില്‍. രാവുണരുമ്പോഴേക്ക് കറിയും ചോറും ഒരുക്കിക്കെട്ടി അവരും ഇറങ്ങുകയാണു ജോലിത്തിരക്കുകളിലേക്ക്. ഉറക്കച്ചടവുള്ള കണ്ണുകളിലും സിമെന്റുഭാരം നിറഞ്ഞ ഇരുമ്പിന്‍ചട്ടികള്‍. തലക്കനം കൂടുമ്പോഴും അവരുടെ പുഞ്ചിരി മായുന്നേയില്ല. രാവിലെ ബസ് സ്റ്റോപ്പില്‍ തിങ്ങിനിറയുന്ന തന്റെ പണിക്കൂട്ടത്തില്‍ എത്തിച്ചേരുമ്പോള്‍, അവരുടെ വേദനകളും ആകുലതകളും കൂട്ടുകാരോടു പങ്കുവയ്ക്കുന്ന നല്ല കഥകളുടെ വേഷമണിയുന്നതും. അതു കാതോര്‍ക്കുന്ന ഇളവെയിലും കാറ്റും. എങ്ങും നില്‍ക്കാതെ കാലത്തെ ദൂരത്തേക്കു തട്ടിത്തെറിപ്പിച്ചുകൊണ്ടുപോകുന്നു.

കണ്ണാടിച്ചില്ലിനു മുന്നില്‍ കരിമഷി കോറിയിട്ട കണ്ണുകള്‍ ഇന്നും വഴിവക്കിലെ ചൂളമടിക്കാരെ പേടിക്കുന്നേ ഇല്ല. മങ്ങിയ കാഴ്ചകളാണ്. നിശബ്ദം നടന്നു നീങ്ങുന്നു. പുസ്തകം മാറോടടുക്കിപ്പിടിച്ചു പിറക്കുന്ന കാലുമായി പെണ്‍കൂട്ടങ്ങളുടെ രൂപങ്ങള്‍. യൗവനവും കൗമാരവും തിളങ്ങുന്ന കണ്ണുകളില്‍ വികസനത്തിന്റെ പുതിയ കണ്ടെത്തലുകളുടെ മുഴുനീള ചിത്രം കാണാം. തിരക്കിലാണ്. രാവിലും പകലിലും ഒരു ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ചുറ്റുമുള്ള ലോകത്തിലും തന്റേതായ ഇടം തീര്‍ക്കുന്ന, ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതും കൈകോര്‍ക്കുന്ന ഒരുകൂട്ടം യൗവനങ്ങള്‍.

ശബ്ദമുയര്‍ത്തി ചിരിക്കുമ്പോള്‍ പോലും നീ പെണ്ണാണെന്ന ഓര്‍മപ്പെടുത്തല്‍. അശരീരികളെ വെല്ലുവിളിച്ചു കൊണ്ടുതന്നെ ഓരോ വിപ്ലവവീര്യത്തിലും തന്റേതായ കൈയൊപ്പുകള്‍ എഴുതിയും പറഞ്ഞും രേഖപ്പെടുത്തുന്ന എന്റെ കൂട്ടുകാരികള്‍. ഓരോ പെണ്‍തരിയും അവളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചു തികഞ്ഞ ബോധവതിയാണിന്ന്. കറുത്ത തിരശീലയില്‍നിന്നു തന്റെ ശരീരത്തെയും മനസിനെയും പുറത്തെടുത്ത ചുണ്ടില്‍ എരിയുന്ന കനല്‍ചൂടും വിപ്ലവവും അലിഞ്ഞു ചേരുന്ന ജനങ്ങള്‍. ഒരേ പാത്രത്തിലും ഒരേ പായിലും വിശപ്പും സങ്കടങ്ങളും പങ്കുവയ്ക്കുമ്പോഴും സമൂഹത്തെ ഉയര്‍ന്ന ചിന്തരീതികളെക്കുറിച്ചും തെറ്റുകളെയും അവഗണനകളെയും കുറിച്ചും അവര്‍ഡ ബോധവതികളാണ്. പോരാടുകയാണ് അവര്‍, നഗരത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ ചുവരുകള്‍ക്കുള്ളില്‍ തന്റേതായ വഴികളിലൂടെ തങ്ങളുടെ ജീവിതത്തോടും അനീതികളോടും.

വിധി തീയിട്ടു കരിയിച്ച മരച്ചില്ലകളില്‍നിന്നും ഒരു ചാറ്റല്‍ മഴയില്‍ മരിക്കാനേ ജീവന്റെ ഒരംശത്തെ പച്ചപിടിപ്പിക്കുന്ന പ്രകൃതിയുടെ കാഴ്ചകളെപ്പോലും മനോഹരവും സങ്കടപ്പെടുത്തുന്നതുമാണ് സ്‌പെഷല്‍ സ്‌കൂളുകളുടെ മുന്നില്‍ കാത്തുനില്‍ക്കുന്ന അമ്മമാരുടെ ജീവിതങ്ങള്‍. തന്റെ മകന്‍/മകള്‍ ‘അമ്മ’ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ കൊതിക്കുന്ന കാതുകള്‍. ഈ കാലഘട്ടത്തിലും മരണത്തിലേക്കും അവഗണനയിലേക്കും തള്ളിവിടാതെ തന്റെ രക്തത്തില്‍ കുരുത്തവരെ വരും ജീവിതത്തിലേക്കു സ്വയംപര്യാപ്തമാക്കാന്‍ തയാറെടുക്കുന്ന ചങ്കുറപ്പുള്ള മനസുകളുടെ അവകാശികള്‍. ജോലി, പണം, സൗന്ദര്യം, നിറം പിടപ്പിച്ച സ്വപ്‌നങ്ങള്‍…വിധിനിഴലാട്ടത്തില്‍ കറുപ്പു നിറം കലര്‍ന്നെങ്കിലും അവരും ജീവിക്കുകയാണു നമുക്കിടയില്‍. കടലോളം ആകുലതകള്‍ മനസില്‍ നിറച്ചുകൊണ്ടുതന്നെ.

പെണ്‍മനസ് വിചിത്രമാണ്. ലാളനകളാലും വാത്സല്യങ്ങളാലും വളരേണ്ടവര്‍ വഴിത്താരയില്‍ മുറിവേറ്റവരാകുന്നു. പലപ്പോഴും പഴുത്തൊലിക്കുന്ന മുറിവുകള്‍ മനസില്‍ സൂക്ഷിച്ചും ലോകത്തെ അവള്‍ പുഞ്ചിരികൊണ്ടു നേരിടുന്നു. ഉപയോഗത്തിനു വേണ്ടി മാത്രം ഉള്ള ജീവിതമെന്ന മിഥ്യ. പലപ്പോഴും പല കഥകളിലൂടെയും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പോലും. പേടിച്ചരണ്ട മൂലകളില്‍ മെരുങ്ങാതെ ഓരോ നിമിഷത്തിലും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും സ്വാതന്ത്ര്യത്തിലേക്കു മുന്നേറുകയാണ്. ജീവിക്കുകയാണ്. അമ്മയായും പെങ്ങലായും മകളായും സുഹൃത്തായും വേഷങ്ങള്‍ അണിഞ്ഞു നിഴലില്‍നിന്നു നക്ഷത്രങ്ങളിലേക്ക് അവള്‍ യാത്ര തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News