ഇത് അപ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനം

ഇന്ന് ഗൂഗിൾ കണ്ടോ? ‘ഹാപ്പി ഇന്റർനാഷനൽ വിമൻസ് ഡേ!’ എന്നാണ് ഡൂഡിലിലെ മുദ്രാവാക്യം.

ജനുവരി 30 ഇന്ത്യയ്ക്കു രക്തസാക്ഷി ദിനമാണ്. ഗാന്ധിജിയുടെ ഓർമ്മദിവസത്തിന്, ‘ഹാപ്പി മാർട്ടിയേ‍ഴ്സ് ഡേ!’ എന്ന് ആരെങ്കിലും മറ്റൊരാളോടു പറഞ്ഞാൽ എങ്ങനെയിരിക്കും? അതുപോലൊന്നാണ് ഗൂഗിളിന്റെ വനിതാദിനാശംസ.

എന്താണ് അന്താരാഷ്ട്ര വനിതാ ദിനം? ഗൂഗിൾ മറന്നുപോയി അത്.

വനിതാ ദിനം ഒരുത്സവ ദിവസമല്ല. ആഘോഷിക്കാനുള്ള, അവസരമല്ല. ആനന്ദമാശംസിക്കാനുള്ള സന്ദർഭം തീരേയുമല്ല.

വനിതാദിനം ഒരോർമ്മദിവസമാണ്. ഭൂമിയിലെമ്പാടുമുള്ള പണിയെടുക്കുന്ന സ്ത്രീകളുടെ വേദനയുടെയും സമരത്തിന്റെയും, അതുകൊണ്ടുതന്നെ പ്രതീക്ഷയുടെയും നാൾ.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് വനിതാദിനത്തിന്റെ വേരുകൾ. ‘പത്തു മണിക്കൂർ ജോലി’യടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്, 1857 മാർച്ച് 8ന് ന്യൂയോർക്കിലെ തൊ‍ഴിലെടുക്കുന്ന സ്ത്രീകൾ ഒരു പ്രകടനം നടത്തി. അത് പോലീസ് തല്ലിപ്പിരിച്ചു. ഈ സംഭവത്തിന്റെ അമ്പതാം വാർഷികം 1908ലെ മാർച്ച് 8ന്, ന്യൂയോർക്കിലെതന്നെ തൊ‍ഴിലാളി സ്ത്രീകൾ ആചരിച്ചു. ആദ്യ വനിതാ ദിനം, അതായിരുന്നത്രെ.

മാർച്ച് 8 സാർവ്വദേശീയവനിതാ ദിനമായി തീരുമാനിച്ചത് 1910ലാണ്. രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷനലിനു മുന്നോടിയായിച്ചേർന്ന വനിതാ സമ്മേളനത്തിന്റേതായിരുന്നു തീരുമാനം. ആ ദിനം, ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ടു.

പിന്നാലേ, 1911ൽ ന്യൂയോർക്കിലെതന്നെ ട്രയാംഗിൾ ഷേർട്ട് വെയ്സ്റ്റ് ഫാക്ടറിയിലെ കുപ്രസിദ്ധമായ ഒരു തീപിടിത്തമുണ്ടായി. ജോലിക്കാർ ജോലി സമയത്ത് പുറത്തിറങ്ങാതിരിക്കാൻ ഫാക്ടറി വാതിൽ അടച്ചു പൂട്ടിയിരുന്നു. തീപിടിത്തം അങ്ങനെ കൂട്ടമരണത്തിനു കാരണമായി. വെന്തു മരിച്ച 146 തൊ‍ഴിലാളികളിൽ 123 പേരും സ്ത്രീകളായിരുന്നു. അതോടെ, അവരുടെ ഓർമ്മനാൾ കൂടിയായി വനിതാദിനം.

റഷ്യൻ വിപ്ലവത്തിനു തുടക്കം കുറിച്ചത് 1917 ലെ വനിതാ ദിനാചരണ ജാഥയാണ്. ‘അപ്പവും സമാധാനവും’ ആവശ്യപ്പെട്ട് സെന്റ് പീറ്റേ‍ഴ്സ് ബർഗിൽ നടന്ന സ്ത്രീകളുടെ ജാഥ ഫെബ്രുവരി വിപ്ലവത്തിന് തുടക്കമിട്ടു. വനിതാ ദിനത്തിന് ആദ്യമായി ഔദ്യോഗികാംഗീകാരം കൊടുത്തതും സോവിയറ്റ് യൂണിയനാണ്. അതാണ്, പിന്നീട് ലോകം ഏറ്റെടുത്ത വനിതാദിനം.

സ്ത്രീകളുടെ ‘മെയ് ദിന’മാണത്. അത് ആചരിക്കാനുള്ളതാണ്, ആഘോഷിക്കാനുള്ളതല്ല.

സാർവ്വദേശീയ വനിതാ ദിനം വിജയിക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News