ദില്ലിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം; യമുനാ നദീ തീരം മണ്ണിട്ട് ഉയര്‍ത്തിയതോടെ പ്രളയമുണ്ടാകാന്‍ സാധ്യത; കര്‍ഷകരുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

ദില്ലി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോക സാംസ്‌ക്കാരിക സമ്മേളനത്തിന്റെ വേദി നിര്‍മ്മാണത്തിനായി ഹരിത ട്രിബ്യൂണല്‍ പച്ചക്കൊടി കാണിച്ചതോടെ രാജ്യതലസ്ഥാനം കാത്തിരിക്കുന്നത് വന്‍ദുരന്തം. യമുനാ നദീ തീരം മണ്ണിട്ട് ഉയര്‍ത്തിയതോടെ മുസ്ലീം വിഭാഗം തിങ്ങി പാര്‍ക്കുന്ന നിസ്സാമുദീന്‍ പ്രളയകെടുതിയിലാകുമെന്നാണ് വിലയിരുത്തല്‍.

കൃഷി ഭൂമി നശിപ്പിച്ചുള്ള നിര്‍മ്മാണത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം കര്‍ഷകര്‍ ആരംഭിച്ചു. സമ്മേളന ശേഷം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങാനും സര്‍ക്കാര്‍ നടപടി തുടങ്ങി. പരമ്പരാഗത കൃഷിയിടം ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് താത്പര്യം അറിയിച്ചതിനെ തുടര്‍ന്നാണിത്. ആവാസവ്യവ്യസ്ഥകളെ തകരാറിലാക്കിയുള്ള വേദി നിര്‍മ്മാണശേഷം ജൈവപാര്‍ക്കിന് കളം ഒരുങ്ങുമ്പോള്‍ കര്‍ഷകര്‍ക്ക് കൃഷിയിടം പൂര്‍ണ്ണമായി നഷ്ടപ്പെടും. അതീവ പരിസ്ഥിതി പ്രധാന്യമുള്ള നദീതീരം നിരപ്പാക്കിയുള്ള നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യൂണല്‍ തടഞ്ഞില്ലെന്ന ആരോപണവും ശക്തമാവുകയാണ്.

കോളീഫ്‌ളവറും റാഡിഷും ഉള്ളിയും മറ്റു കൃഷിയിറക്കിയ ഭുമിയില്‍ മണ്ണിട്ട് നിരത്തിയുള്ള വേദി നിര്‍മ്മാണത്തിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. എന്നാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന യാതൊരു കാര്യവും ചെയതില്ലെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. എന്നാല്‍ എക്കല്‍ മണ്ണിനാല്‍ വിളനിലമായിരുന്ന സ്ഥലം തരിശ് ഭൂമിയാക്കി മാറ്റിയെന്ന് ഇവിടെ എത്തുന്ന ആര്‍ക്കും ബോധ്യമാവും.നശിപ്പിക്കപ്പെട്ട കൃഷിസ്ഥലം പുനര്‍ജീവിപ്പിക്കാന്‍ 200കോടി വേണ്ടിവരുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും അഞ്ചു കോടിയാണ് ട്രിബ്യൂണല്‍ പിഴ ഇട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here