പാകിസ്താന്‍ ടീമിന് ഇന്ത്യയില്‍ ഭീഷണിയൊന്നുമില്ലെന്ന് ഷാഹിദ് അഫ്രീദി; ലഭിച്ചത് സ്‌നേഹം മാത്രമെന്നും അഫ്രീദി

ദില്ലി: പാകിസ്താന്‍ ടീമിന് ഇന്ത്യയില്‍ സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി. ടീമിന് ഇന്ത്യയില്‍ നിന്ന് സ്‌നേഹം മാത്രമാണ് ലഭിച്ചതെന്നും അഫ്രീദി പറഞ്ഞു. ടീമിലെ സീനിയര്‍ ഓള്‍റൗണ്ടര്‍ ഷോയബ് മാലിക്കും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക് ടീമിന് സ്‌നേഹനിര്‍ഭരമായ വരവേല്‍പാണ് ലഭിച്ചത്. ഒരുതരത്തില്‍ പോലും സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും ഇരുവരും പറഞ്ഞു.

ഇന്ത്യ ഒരുക്കിയ സുരക്ഷ മികച്ചതാണെന്ന് ഷോയബ് മാലിക് പറഞ്ഞു. എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഞാന്‍ പല തവണ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഷോയബ് മാലിക് പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ആളുകളില്‍ താന്‍ ഒരു വ്യത്യാസവും കാണുന്നില്ല. കഴിക്കുന്നത് ഒരേ ഭക്ഷണമാണ്. സംസാരിക്കുന്നത് ഒരേ ഭാഷയാണ്. ഇന്ത്യയിലെത്താനായതില്‍ സന്തോഷമുണ്ടെന്നും മാലിക് പറഞ്ഞു. പാക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ രാഷ്ട്രീയ കാര്യത്തില്‍ ത്രികരിക്കാനില്ലെന്ന് അഫ്രീദി പറഞ്ഞു. ഞങ്ങള്‍ കളിക്കാരാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. രാഷ്ട്രീയക്കാര്‍ അല്ലെന്നും അഫ്രീദി പറഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങളാല്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് നേരത്തെ പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്ത്യാ-പാക് മത്സരത്തിന്റെ വേദി ധര്‍മശാലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു. എല്ലാ സുരക്ഷയും ഒരുക്കാമെന്ന് കേന്ദ്രസര്‍ക്കാരും പശ്ചിമബംഗാള്‍ സര്‍ക്കാരും ബംഗാള്‍ പൊലീസും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മാര്‍ച്ച് 19നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ട്വന്റി-20 മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News