ഇന്ത്യക്കാരുടെ സ്‌നേഹത്തെ വാഴ്ത്തിയ അഫ്രീദിയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നെന്ന് മിയാന്‍ദാദ്; അഫ്രീദിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും മിയാന്‍ദാദ്

കറാച്ചി: പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് പാകിസ്താനിലേതിനേക്കാള്‍ സ്‌നേഹം ലഭിച്ചത് ഇന്ത്യയിലാണെന്ന അഫ്രീദിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇത്തരത്തില്‍ പ്രസ്താവന നടത്തുന്ന കളിക്കാര്‍ക്ക് അവനവനെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നണമെന്നും മിയാന്‍ദാദ് പറഞ്ഞു. അഫ്രീദിയെ കുറിച്ചോര്‍ത്ത് താന്‍ ലജ്ജിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. പാകിസ്താനിലെ ആജ് എന്ന ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ അഫ്രീദിയും ശഷോയബ് മാലികും പാക് താരങ്ങള്‍ക്ക് പാകിസ്താനിലേതിനേക്കാള്‍ സ്‌നേഹം കിട്ടുന്നത് ഇന്ത്യയിലാണെന്നു പറഞ്ഞിരുന്നു.

രൂക്ഷമായ ഭാഷയിലാണ് മിയാന്‍ദാദ് അഫ്രീദിക്കെതിരെ പ്രതികരിച്ചത്. പാകിസ്താന്‍ ഇന്ത്യയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണ്. എന്നാല്‍, അതിനര്‍ത്ഥം താരങ്ങള്‍ ആതിഥേയര്‍ക്ക് തങ്ങളെ കൂട്ടിക്കൊടുക്കണം എന്നല്ല. എന്താണ് ഇന്ത്യ നമുക്കു നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ആണെങ്കിലും സത്യം പറയാനാണ് അഫ്രീദി തയ്യാറാകേണ്ടതെന്നും മിയാന്‍ദാദ് പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരമായ മിയാന്‍ദാദ് പാകിസ്താനു വേണ്ടി 124 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് കളിക്കാന്‍ മാത്രമല്ല, മാധ്യമങ്ങളോട് എങ്ങനെ സംസാരിക്കണം എന്നു കൂടി പഠിപ്പിച്ചു കൊടുക്കണമെന്നും മിയാന്‍ദാദ് പ്രതികരിച്ചു. പാകിസ്താന്റെ മുഖ്യപരിശീലകന്‍ മൊഹ്‌സിന്‍ ഖാനും അഫ്രീദിയുടെ പ്രസ്താവനയോടുള്ള തന്റെ ഞെട്ടല്‍ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel