നവലിബറല്‍ ഹിന്ദുത്വവും ഇന്ത്യയും

(വേണുഗോപാലൻ കെ എ എ‍ഴുതി ചിന്ത പബ്ലീഷേ‍ഴ്സ് പ്രസിദ്ധീകരിച്ച ‘നവലിബറൽ ഹിന്ദുത്വം’ എന്ന പുസ്തകത്തിന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ എ‍ഴുതിയ അവതാരിക)

രാജ്യം നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ക്കുന്നവിധമുള്ള നയങ്ങളാണ് ആര്‍എസ്എസ് നയിക്കുന്ന ബിജെപി നമ്മുടെ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുന്ന തകൃതിയായ പ്രവര്‍ത്തനത്തിലാണ് മോഡി സര്‍ക്കാര്‍. ഒപ്പം തന്നെ വര്‍ഗീയ അജണ്ടകളും മുന്നോട്ട് വെക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് ബിജെപി മുന്നോട്ട് വെക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളും വര്‍ഗീയ അജണ്ടകളും ഏതുവിധമാണ് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് വിശദീകരിക്കുന്ന പുസ്തകമാണ് വേണുഗോപാലന്‍ കെ എ എഴുതിയ നവലിബറല്‍ ഹിന്ദുത്വം.
സാമ്രാജ്യത്വം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ സംബന്ധിച്ച് ലെനിന്‍ വിശദീകരിച്ച കാര്യങ്ങള്‍ തുടക്കത്തിലേ എടുത്ത് പറഞ്ഞിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ നവലിബറല്‍ നയങ്ങളെ വിലയിരുത്തുകയാണ് തുടര്‍ന്ന് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎം രേഖകള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പിന്നീട്വിശദീകരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ ധനമൂലധനത്തിന് ലോകത്തിലെ ജനതയെ ആകെ ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നു എന്ന കാര്യം ഇതില്‍ വിശദീകരിക്കുന്നു.
സാമ്രാജ്യത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ ഘടകങ്ങളേയും ഇടപെടലുകളേയും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 1950 കളില്‍ ഇസ്ലാം മതവിശ്വാസികള്‍ ഏറെയുള്ള രാജ്യങ്ങളില്‍ പുരോഗമനശക്തികള്‍ കരുത്താര്‍ജ്ജിച്ചു വന്നു.

സോഷ്യലിസ്റ്റ്-ഇടതുപക്ഷ പ്രവണതകള്‍ ഇത്തരം രാജ്യങ്ങളില്‍ ശക്തിപ്രാപിച്ചു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ സി.ഐ.എ ഇസ്ലാം മതമൗലിക വാദത്തെ ഇടതുപക്ഷ മുന്നേറ്റത്തിനെതിരായി വളര്‍ത്തി എടുക്കുന്നതിന് ഇടപെടുന്നത്. ബിന്‍ലാദനെ വളര്‍ത്തിയെടുക്കുന്നതിനുള്ള സാമ്രാജ്യത്വ ഇടപെടലിലൂടെയും, അഫ്ഗാനിസ്ഥാനിലും മറ്റും സ്വീകരിച്ച നയങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഇന്ത്യാരാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കിയ മുതലാളിത്ത പാത പ്രതിസന്ധിയിലായതോടെ അവ മറികടക്കുന്നതിനായി കൂടി അവതരിപ്പിക്കപ്പെട്ടതാണ് പുത്തന്‍ സാമ്പത്തികനയം. മതനിരപേക്ഷതയിലുണ്ടായ തുടര്‍ച്ചയായ വിട്ടുവീഴ്ചകളും വിഘടനവാദികള്‍ ദേശീയ ഐക്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യവും ഇക്കാലത്ത് ഉയര്‍ന്നുവന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

നേരത്തെ തന്നെ നെഹ്രുവിയന്‍ നയങ്ങളിലെ ഗുണപരമായ അംശങ്ങളെ ഉള്‍പ്പെടെ പൊളിച്ചെഴുതുന്നതിന് ശ്രമിച്ച ജനസംഘത്തിന്റെ പിന്മുറക്കാരായ ബി.ജെ.പിക്ക് നവലിബറല്‍ നയങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അതിനാല്‍ തന്നെ ഹിന്ദുത്വ അജണ്ടയും നവലിബറല്‍ നയവും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ബി ജെ പിക്ക് തടസങ്ങളൊന്നും ഇല്ലായിരുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉതകുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഇതിനെ പിന്തുണയ്ക്കുന്നതിന് ഇന്ത്യന്‍ ഭരണവര്‍ഗത്തിന് ബുദ്ധിമുട്ടുണ്ടായില്ല. രാജീവ് സര്‍ക്കാരിന്റെ പാപ്പരത്തം കൂടിയായപ്പോള്‍ മധ്യവര്‍ഗത്തിലെ ചില വിഭാഗങ്ങളും വരേണ്യവര്‍ഗവും ബി.ജെ.പിയെ കൂടുതല്‍ ശക്തമായി പിന്തുണയ്ക്കുന്ന സാഹചര്യമുണ്ടായി.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച വി.പി.സിംഗ് സര്‍ക്കാരിനെതിരെ ഇടത്തരം ജനങ്ങളിലെ ഒരു വിഭാഗത്തിന് വലിയ അതൃപ്തി ഉണ്ടായി. ഈ അസംതൃപ്തിയുടെ ഭാഗമായി ഉയര്‍ന്നുവന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെ അയോധ്യക്ഷേത്രനിര്‍മ്മാണവുമായും അദ്വാനിയുടെ രഥയാത്രയുമായും സംയോജിപ്പിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. മധ്യവര്‍ഗത്തിന്റെ ഈ മാറ്റം ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് സഹായകമായി. പിന്നീട് ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാ വിഭാഗങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബി ജെ പി പ്രതിജ്ഞാബദ്ധമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ശക്തമായി പിന്തുണച്ചു. ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയ ഇത്തരം മാറ്റങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് പുത്തന്‍സാമ്പത്തികനയത്തിന്റെ വക്താക്കളായി അവ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ അവരുടെ പഴയ മുഖം പോലും വികൃതമായി. മാത്രമല്ല ബി ജെ പി മുന്നോട്ട് വെച്ച വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല. ഈ അനുകൂല സാഹചര്യത്തെ കൂടി ഉപയോഗപ്പെടുത്തി വളരാന്‍ ബി ജെ പിക്ക് കഴിഞ്ഞു. നവലിബറല്‍ നയങ്ങള്‍ മാത്രമല്ല അവയ്ക്ക് അനുയോജ്യമായ സിദ്ധാന്തങ്ങളും ഈ കാലത്ത് നല്ല നിലയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. സാമ്പത്തിക ചൂഷണത്തിന്റെ വശം മറച്ചുവെച്ചുകൊണ്ടും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ തലത്തെ പോലും സമഗ്രതയില്‍ കാണാതെയുമുള്ള ആശയമായിരുന്നു ഇത്. ഈ ആശയങ്ങള്‍ ജാതീയമായ വേര്‍തിരിവുകള്‍ക്ക് കരുത്തായി. ബി ജെ പി ഉയര്‍ത്തിപിടിക്കുന്ന ഹിന്ദുത്വ ഏകോപനത്തെ പ്രതിരോധിക്കുന്നതിന് ജാതീയമായി ഉണ്ടാകുന്ന വേര്‍തിരിവ് പുരോഗമനപരമാണ് എന്ന ചിന്തയും പ്രചരിപ്പിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ പിന്നോക്ക ജാതിയിലും പട്ടികജാതിയിലുംപെട്ട നേതാക്കളെ ഉയര്‍ത്തിക്കൊണ്ട് വന്ന് ഇതിനെ മറികടക്കാനുള്ള ഇടപെടലാണ് ബി ജെ പി നടത്തിയത്. വര്‍ഗീയമായ ലഹളകള്‍ വ്യാപകമായി സംഘടിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജാതീയമായ ധ്രുവീകരണത്തെ ഹിന്ദുത്വത്തിന്റെ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഇടപെടല്‍ കൂടിയായിരുന്നു ഇത്. ഇത്തരം കാര്യങ്ങളും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

സമ്പത്ത് ഉല്‍പാദനത്തിന്റെ അടിസ്ഥാനം അധ്വാന ശേഷിയാണ് എന്നതാണ് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിന് പകരം സംരംഭകത്വത്തിന്റെ മുന്‍കൈയാണ് അടിസ്ഥാനമെന്ന ആശയം ബി ജെ പി പ്രചരിപ്പിക്കുന്നു. അതിനായി സംരംഭകത്വത്തിന് വളരുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത് എന്ന ആശയം മുന്നോട്ട് വെക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപണി അധിഷ്ഠിതപരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത്തരം നയങ്ങള്‍ തൊഴിലാളികള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 1990-91 ല്‍ കൂലിയുടെ വിഹിതം 25 ശതമാനത്തില്‍ അധികമുണ്ടായിരുന്നത് പത്ത് ശതമാനമായി കുറഞ്ഞുവരുന്നത് ഈ നയങ്ങളുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കൂലിയുടെ കുറവ് അനുഭവപ്പെടുമ്പോള്‍ തന്നെ സമ്പന്ന വിഭാഗം കൂടുതല്‍ സമ്പന്നരായി വരികയാണ് ചെയ്യുന്നത്. അതിസമ്പന്നരായ ഒരു ശതമാനം വരുന്ന ഇന്ത്യാക്കാരുടെ സ്വത്ത് മൊത്തം സ്വത്തിന്റെ 36.8 ശതമാനമായിരുന്നുവെങ്കില്‍ 2014 ആകുമ്പോഴേക്കും അത് 49 ശതമാനമായി രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ബി ജെ പി ഭരണവര്‍ഗത്തിന് പ്രിയങ്കരരായി തീരുന്നു. ഈ നയങ്ങള്‍ നടപ്പിലാക്കുന്നതിന് ജനാധിപത്യത്തെ അംഗീകരിക്കാത്ത ഭരണാധികാരികളാണ് പലപ്പോഴും ഇവര്‍ക്ക് സൗകര്യപ്രദമായി തീരുന്നത്. അതുകൊണ്ടുകൂടിയാണ് നവലിബറല്‍ നയത്തിന്റെ വക്താക്കള്‍ ബി ജെപിയെ പിന്തുണയ്ക്കുന്നത് എന്ന കാര്യവും വിശദീകരിച്ചിട്ടുണ്ട്.

ഹിന്ദുക്കളെ മുഴുവന്‍ യോജിപ്പിച്ച് മുസ്ലീമിനും ക്രിസ്ത്യാനിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരായി തിരിച്ചുവിടുക എന്ന നയമാണല്ലോ ആര്‍എസ് എസിന്റേത്. ഹിന്ദുത്വവല്‍ക്കരണം എന്നത് ഫലത്തില്‍ നവലിബറല്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉപാധിയായി നവലിബറല്‍ ശക്തികള്‍ക്ക് ഉപയോഗപ്പെടുത്താനും ഇതുവഴി കഴിയുന്നു. നവലിബറല്‍ നയങ്ങളും ഹിന്ദുത്വവും തമ്മിലുള്ള ബന്ധത്തെ ഇത്തരത്തില്‍ കൂടി വിശദീകരിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതായിരുന്നു സംഘപരിവാറിന്റെ നിലപാട്. ആര്‍ എസ് എസ് പ്രചരിപ്പിക്കുന്ന ഹിന്ദുത്വ കാഴ്ചപ്പാടിന്റെ പരിമിതികളേയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളേയും വിശദീകരിക്കുന്നുണ്ട്. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാനും രാമായണം പോലുള്ള കൃതികളെ ഉള്‍പ്പെടെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വായിക്കാനുമുള്ള സംഘപരിവാറിന്റെ ശ്രമങ്ങളേയും വിശകലനം ചെയ്യുന്നുണ്ട്.
മോഡി അധികാരമേറ്റതിന് ശേഷം നടന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലും ഇതിലുണ്ട്.

അധികാരമേറ്റശേഷം സംഘപരിവാര്‍ നടത്തുന്ന ഹിന്ദുത്വ പ്രചാരവേലയുടെ ഉള്ളടക്കവും പരിശോധിക്കുന്നുണ്ട്. ബി ജെ പി എം പിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പല പ്രസ്താവനകളേയും സൂചിപ്പിച്ചുകൊണ്ട് സംഘപരിവാറിന്റെ അപകടകരമായ നീക്കങ്ങളെ ഇതില്‍ വിശദീകരിക്കുന്നു. ആര്‍.എസ്.എസ് നയിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഫാസിസത്തിന്റേതായ രീതികളിലേക്ക് കടക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സിപിഐഎം അടുത്ത കാലത്തായി അംഗീകരിച്ചിട്ടുള്ള രേഖകളെക്കൂടി ഉദ്ധരിച്ചുകൊണ്ടാണ് ഇത് വിശദീകരിക്കുന്നത്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല. അങ്ങനെ എത്താതിരിക്കുന്നത് അതില്ലാതെ തന്നെ തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന് കഴിയുന്നുണ്ട് എന്നത് കൊണ്ടുകൂടിയാണ്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാം എന്ന കാര്യവും ഇതില്‍ പറയുന്നുണ്ട്. അടിസ്ഥാന മേഖലകളിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളും അതിനെതിരായി ഉയര്‍ന്നുവരേണ്ട പോരാട്ടങ്ങളെ സംബന്ധിച്ച് സിപിഐഎം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളും അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.

ഈ പുസ്തകം പ്രസക്തമായി തീരുന്നത് വര്‍ഗീയ അജണ്ടകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിലാണ്. നവലിബറല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന ശക്തികള്‍ എന്തുകൊണ്ട് ബി ജെ പിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങള്‍ ഇതില്‍ ചുരുക്കി വിശദീകരിക്കുന്നുണ്ട്. ഹിന്ദു വര്‍ഗീയത ആപല്‍ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളേയും കാരണങ്ങളേയും വ്യക്തമാക്കുന്നു എന്നതിനാലാണ് ഈ പുസ്തകം വര്‍ത്തമാനകാലത്ത് പ്രസക്തമായി തീരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here