ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എ മഹാരാഷ്ട്ര നിയമസഭ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയിലെ വാരിസ് പഠാനെ

മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അസാസുദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഇഐഎം) എംഎല്‍എ വാരിസ് പഠാനെയാണ് സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നു കഴിഞ്ഞദിവസം പഠാന്റെ പാര്‍ട്ടി നേതാവ് അസാസുദീന്‍ ഒവൈസി പ്രഖ്യാപിച്ചതു വന്‍ വിവാദമായിരുന്നു.

ദേശീയ വീരപുരുഷന്‍മാരെ ആദരിക്കാന്‍ തയാറാകാത്തതിന്റെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് പഠാനെതിരേ നടപടിയെടുത്തതെന്നു മഹാരാഷ്ട്ര പാര്‍ലമെന്ററി കാര്യമന്ത്രി ഗിരീഷ് ബാപട്ട് വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീലാണ് പഠാനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം സഭയുടെ മേശപ്പുറത്തു വച്ചത്.

സസ്‌പെന്‍ഷന്‍ കാലത്ത് പഠാന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിധാന്‍ ഭവന്‍ പരിസരത്തു പ്രവേശിക്കാനും കഴിയില്ല. ഏകകണ്ഠമായിരുന്നു തീരുമാനമെന്നു നിയസഭാസ്പീക്കര്‍ ഹരിബാഹു ബഗാഡേ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News