തലശേരി ദേശീയപാതയില്‍ ഗുണ്ടായിസം കാട്ടിയത് ബിജെപി വനിതാ നേതാവ് അടക്കമുള്ളവര്‍; ലസിത പാലയ്ക്കലിന്റെ നേതൃത്വത്തില്‍ മൂന്നു വനിതകള്‍ അക്രമികളെ സഹായിക്കാനെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തം

thalassery

തലശേരി: തലശേരി കൊടുവള്ളിയില്‍ ദേശീയപാതയില്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ കാര്‍ യാത്രികരെ ആക്രമിച്ചവരില്‍ ബിജെപി വനിതാ നേതാവ് അടക്കമുള്ളവരെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. മഹിളാ മോര്‍ച്ച തലശേരി മണ്ഡലം പ്രസിഡന്റ് എരഞ്ഞോളി സ്വദേശി ലസിത പാലയ്ക്കലിന്റെ ദൃശ്യങ്ങളാണ് പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ മുഴുപ്പിലങ്ങാട് ഉള്‍ഫത്ത് മഹലില്‍ അഫ്‌സര്‍, സുഹൃത്ത് നവാസ് എന്നിവര്‍ക്കാണു പരുക്കേറ്റത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആര്‍എസ്എസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കാര്‍ യാത്രികരെ ആക്രമിക്കുന്നത്. തലശേരി-ഇരിട്ടി റൂട്ടില്‍ ഓടേണ്ട ബസാണ് റൂട്ടുമാറി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി പോയത്. കൊടുവള്ളി കടന്നഉടന്‍ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയില്‍ കാറിന് മുന്നിലെത്തി. ഇക്കാര്യങ്ങളെല്ലാം സിസിടിവിയില്‍ ദൃശ്യമാണ്.

ബസ് കാറിനു മുന്നില്‍ നിര്‍ത്തിയ ശേഷം ബസിലുണ്ടായിരുന്നവരും കാറിലുണ്ടായിരുന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ബസിലുണ്ടായിരുന്ന ആര്‍എസ്എസുകാര്‍ പുറത്തിറങ്ങി കാറിലുണ്ടായിരുന്നവരെ ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ പിന്തുടര്‍ന്ന് അടിക്കാന്‍ ശ്രമിക്കുന്ന സംഘത്തിലാണ് ചുരിദാര്‍ ധരിച്ച സ്ത്രീകളെ കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അവരില്‍ ഒരാള്‍ ലസിത പാലയ്ക്കലാണ് എന്നു വ്യക്തമായത്. പ്രദേശത്തെ ഒരു ബാങ്കിനു തൊട്ടുതാഴെയുള്ള കടയുടെ ടാര്‍പോളിന് അടിയിലിട്ടാണ് കാര്‍യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. ടാര്‍പോളിന്റെ മറവിനുള്ളിലായതിനാല്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമല്ല.

ആക്രമണത്തിന് ശേഷം ആര്‍എസ്എസുകാര്‍ വന്ന ബസില്‍തന്നെ കയറിപ്പോകുന്നുണ്ട്. സ്ത്രീകളെ അടക്കം അക്രമത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസിന്റെ ശൈലിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here