ഭക്ഷണവും വെള്ളവും തടഞ്ഞതെന്തിന്? ഹൈദരാബാദ് സര്‍വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ വൈസ് ചാന്‍സിലര്‍ക്ക് തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പരാതിയിലാണ് കാമ്പസില്‍ കഴിഞ്ഞദിവസമുണ്ടായ പൊലീസ് അക്രമത്തിലും വിദ്യാര്‍ഥികളെ പട്ടിണിക്കിട്ടതിലും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നാളെയാണ് മറുപടി നല്‍കേണ്ടത്.

അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ താമച്ചിരുന്ന ഹോസ്റ്റലുകളില്‍ മെസുകള്‍ അടച്ചിട്ടും വെള്ളവും ഭക്ഷണവും നല്‍കാതെ പട്ടിണിക്കിട്ടതും മാധ്യമങ്ങളെ വിലക്കിയതും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതും ഗുരുതരമായ കാര്യമാണെന്നാണു പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം, കാമ്പസ് സാധാരണ നിലയിലേക്കെത്തിയെന്നും ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്നു സര്‍വകലാശാലയുടെ വക്താവ് ഡോ. വിപിന്‍ ശ്രീവാസ്തവ പറഞ്ഞു.

അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ സര്‍വകലാശാല ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ചോദ്യത്തിന് അതൊക്കെ പൊലീസ് ചെയ്യേണ്ട കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏപ്രില്‍ പകുതിയോടെ സെമസ്റ്റര്‍ അവസാനിക്കുമെന്നും പരീക്ഷ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡോ. അപ്പറാവു അവധി അവസാനിപ്പിച്ചു കാമ്പസിലേക്കു മടങ്ങാന്‍ തീരുമാനിച്ചതു വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സര്‍വകലാശാലാ ഭരണ നേതൃത്വത്തിനോ കേന്ദ്ര സര്‍ക്കാരിനോ പങ്കില്ലെന്നും വിപിന്‍ ശ്രീവാസ്തവ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here