കെഎസ്എഫ്ഇയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്; മെയ് മൂന്നിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

തൃശൂര്‍: കെഎസ്എഫ്ഇയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പി.ടി ജോസ് ചെയര്‍മാനായ കാലയളവിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. സ്ഥലം വാങ്ങിയതിലും വാഹന ക്രയവിക്രയത്തിലും ടെലിഫോണ്‍ ഉപയോഗത്തിലും ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം. മെയ് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലാഭക്കണക്കുകള്‍ ഇരട്ടിപ്പിക്കാന്‍ ചെലവുകണക്കുകള്‍ രേഖകളില്‍ നിന്ന് മറച്ചുവെച്ചു. കട്ടപ്പനയില്‍ സഹകരണ ബാങ്കിന്റെ സ്ഥലം ലേലം തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഏറ്റെടുത്തു എന്നിവയാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. കമ്പനി കാറുകളുടെ വില്‍പനയില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധിയെത്തും മുമ്പേ വാഹനങ്ങള്‍ മറിച്ചു വിറ്റതില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമുണ്ടായത്. പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും വന്‍ ക്രമക്കേടുകള്‍ നടന്നു. ആരോപണങ്ങള്‍ അന്വേഷിച്ച് മെയ് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടും അതിന്റെ ബില്ലുകള്‍ കമ്പനി തന്നെയാണ് അടച്ചിട്ടുള്ളതെന്ന് പരാതിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഒരുമാസം 1500 രൂപമാത്രമാണ് ചെയര്‍മാന്റെ ടെലിഫോണ്‍ ബില്ലിനായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ലക്ഷങ്ങളായിരുന്നു ചെയര്‍മാന്റെ പ്രതിമാസം ടെലിഫോണ്‍ ബില്ല്. രേഖകള്‍ പരിശോധിച്ച കോടതി മെയ് മൂന്നിനകം ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News