ഹൈദരാബാദ് സര്‍വകലാശാല വിസിയെ പുറത്താക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍; അപ്പാറാവു തുടരുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കും; വിസിയെ മാറ്റണമെന്ന് മോദിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കണമെന്ന ആവശ്യം തെലങ്കാന സര്‍ക്കാരും ശക്തമാക്കുന്നു. ഹൈദരാബാദ് സര്‍വ്വകലാശാല സംഭവങ്ങള്‍ തെലങ്കാന നിയമസഭയെ പ്രക്ഷുബ്ധമാക്കിയതിന് പിന്നാലെയാണ് വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരും കടുപ്പിച്ചത്.

വിസിയായി അപ്പാറാവു തുടരുന്നത് സര്‍വ്വകലാശാലയിലെ സമാധാന അന്തരീക്ഷത്തിന് പ്രശ്‌നം സൃഷ്ടിക്കുമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കത്തയച്ചു. സര്‍വ്വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ വിഷയം സിപിഐഎം, കോണ്‍ഗ്രസ്, എംഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അപ്പാറാവുവിനെ മാറ്റണമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ദിവസത്തിനകം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലും സര്‍വകാലാശലയില്‍ നടന്നത് വിസിയുടെ മാത്രം തീരുമാനം ആണെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ പൊലീസ് നടപടി ന്യായീകരിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി നയിനി നരസിംഹ റെഡ്ഡി സ്വീകരിച്ചത്.

അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ ജാമ്യഹര്‍ജി നാളെ പരിഗണിക്കും. 47 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വിദേശ സര്‍വ്വകലാശാലകളും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here