കങ്കാരുപ്പടയെ തുരത്തിയോടിച്ച് ഇന്ത്യ സെമിഫൈനലിൽ; ഇന്ത്യക്ക് ജയമൊരുക്കിയത് കോഹ് ലിയുടെ തകർപ്പൻ ബാറ്റിംഗ്; ഇന്ത്യക്ക് ആറുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

ചണ്ഡീഗഢ്: വിരാട് കോഹ് ലിയുടെ താണ്ഡവത്തിൽ കങ്കാരുക്കൾ ചിതറിയോടി. വിരാട് കോഹ് ലിയുടെ തോളിലേറി ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിലേക്കും മാർച്ച് ചെയ്തു. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 5 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാർ വളരെ വേഗം മടങ്ങിയെങ്കിലും മധ്യനിരയിൽ ധോണിയുടെയും കോഹ് ലിയുടെയും തകർപ്പൻ പ്രകടനമാണ് കൈവിട്ടെന്നു കരുതിയ ജയം ഇന്ത്യക്ക് സമ്മാനിച്ചത്. ഒരവസരത്തിൽ 14 ഓവറിൽ 4ന് 94 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ധോണിയും കോഹ്‌ലിയും കൂടി വിജയത്തിലെത്തിക്കുകയായിരുന്നു. 51 പന്ത് മാത്രം നേരിട്ട് 82 റൺസെടുത്ത കോഹ്‌ലി ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. സെമിഫൈനലിൽ വെസ്റ്റ്ഇൻഡീസാണ് ഇന്ത്യയുടെ എതിരാളികൾ.

തകർത്തടിച്ചു തുടങ്ങിയ രോഹിതും ധവാനും വളരെ വേഗം മടങ്ങി. 12 റൺസെടുത്ത രോഹിതിനെ വാട്‌സണും 13 റൺസെടുത്ത ധവാനെ കോൾടർ നൈലും പുറത്താക്കി. റെയ്‌ന 10 റൺസെടുത്തും യുവരാജ് 21 റൺസെടുത്തും മടങ്ങി. 14 ഓവറിൽ ഇന്ത്യൻ സ്‌കോർ 4ന് 94. ഇന്ത്യ ജയിക്കില്ല എന്നു വരെ തോന്നിച്ചു. എന്നാൽ, അവിടെ നിന്നാണ് ധോണിയും കോഹ് ലിയും ഒന്നിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പോലെ തന്നെ കോഹ്‌ലി ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റി മുന്നേറി. നായകന്റെ ശക്തമായ പിന്തുണയും. പുറത്താകാതെ കോഹ്‌ലി നേടിയ 82 റൺസ് തന്നെയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായതും. 9 ബൗണ്ടറിയും 2 സിക്‌സറും ഇതിൽ ഉൾപ്പെടും. 10 പന്ത് നേരിട്ട ധോണി 18 റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണർമാരുടെയും മധ്യനിരയുടെയും തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 43 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിൽ ടോപ് സ്‌കോറർ. ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും തകർത്തടിച്ചപ്പോൾ ഓസീസ് സ്‌കോർ 3 ഓവറിൽ 45 കടന്നു. 4-ാം ഓവറിൽ 26 റൺസെടുത്ത ഖവാജയെ മടക്കി നെഹ്‌റ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ വന്ന വാർണർ നിലയുറപ്പിക്കുന്നതിനു മുന്നേ മടങ്ങി. 6 റൺസെടുത്ത വാർണറെ ഹർദിക് പാണ്ഡ്യ പുറത്താക്കി. 2 റൺസെടുത്ത ക്യാപ്റ്റൻ സ്മിത്തിനെ അശ്വിനും മടക്കിയതോടെ ഓസീസിന്റെ നിലപരുങ്ങലിലായി. പിന്നീട് 31 റൺസെടുത്ത മാക്‌സ്‌വെല്ലും 18 റൺസെടുത്ത് പുറത്താകാതെ നിന്ന വാട്‌സണും ചേർന്ന് അടിച്ചു തകർക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here