നായകനും കലി… വില്ലനും കലി… കലിപ്പോടെ കലി

സമീര്‍ താഹിര്‍-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം കലി ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ടീസറും, ട്രെയിലറും ആകാംക്ഷ തീര്‍ത്ത കലി സിനിമയിലും ഈ വ്യത്യസ്തത പുലര്‍ത്തി. നല്ലൊരു കുടുംബചിത്രവും ത്രില്ലിംഗ് പ്രണയകഥയുമാണ് കലി. മറ്റൊരു തരത്തില്‍ നോക്കിയാല്‍ എടുത്തുചാട്ടവും ദേഷ്യവും വരുത്തുന്ന വിനകള്‍ യുവാക്കളില്‍ എന്തൊക്കെ അപകടങ്ങള്‍ വരുത്തുന്നുണ്ടെന്ന് രസകരമായി പറഞ്ഞുവെക്കുന്നുണ്ട്.

ഓരോ സിനിമ പൂര്‍ത്തിയാക്കുമ്പോഴും ദുല്‍ഖറിന്റെ അഭിനയം ഏറെ മെച്ചപ്പെടുന്നതായി കലിയില്‍ കാണാം. ഒരു സാധാരണ യുവാവിന്റെ എല്ലാ കലിയും അമാനുഷികമല്ലാതെ തന്നെ മുഖത്ത് വരുത്തിയതില്‍ ദുല്‍ഖര്‍ പ്രശംസയര്‍ഹിക്കുന്നു. പ്രേമത്തിലൂടെ മലയാളിയുടെ ഹൃദയം കീഴടക്കിയ സായ് പല്ലവി പക്വതയോടെ തന്റെ രംഗങ്ങള്‍ അഭിനയിച്ചു. മലരില്‍ നിന്നു കലിയിലെ അഞ്ജലിയിലേക്ക് എത്തുമ്പോള്‍ തമിഴും മലയാളവും ഇടകലര്‍ന്ന ഡബ്ബിംഗ് സായിയുടെ കഥാപാത്രത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്.

പേരിലൂടെയാണ് കലി യുവാക്കളെ ആകര്‍ഷിച്ചത്. ആക്ഷന്‍ സിനിമ, പ്രണയ സിനിമ, കലാലയ സിനിമ എിങ്ങനെയുള്ള നിരവധി പ്രതീക്ഷകളാണ് പോസ്റ്ററുകളും ടീസറും ട്രെയിലറും സമ്മാനിച്ചത്. നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി പോലെ തന്നെ ഏറെ വ്യത്യസ്തമായി സമീര്‍ കലിയും ഒരുക്കി. ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള എല്ലാ ഫോര്‍മുലയും സിനിമയിലുണ്ട്. ചെമ്പന്‍ വിനോദിന്റെ വില്ലന്‍ കഥാപാത്രം ചക്കര, പ്രേക്ഷകനെ പേടിപ്പെടുത്തുന്ന രീതിയില്‍ പ്രതിഫലിപ്പിച്ചു. കോമഡി മാത്രമല്ല നല്ല വില്ലനുമാണ് ചെമ്പന്‍ വിനോദ്. ആദ്യ പകുതിയില്‍ മാത്രമാണെങ്കിലും സൗബിന്‍ സാഹിറിന്റെ തമാശകള്‍ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കുന്നു.

ആദ്യ പകുതി പ്രണയവും കുടുംബവുമാണ് പ്രമേയമെങ്കില്‍ രണ്ടാംപകുതി കലി വരുത്തിവെക്കുന്ന അപകടങ്ങള്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി പറയുകയാണ്. നായകന് തൊട്ടാല്‍ കലിയാണ്. ഭര്‍ത്താവിന്റെ ഈ മുന്‍കോപം ഭാര്യയെ വിഷമത്തിലാക്കുന്നു. നായകന്റെ കലി മാറ്റാന്‍ പരിശ്രമിക്കുന്ന നായിക പരാജയപ്പെടുകയും ഒട്ടും പ്രതീക്ഷിക്കാതെ അപകടം വന്നെത്തുകയും ചെയ്യുമ്പോള്‍ നായകനോട് അടങ്ങാത്ത കലിയാണ് നായികയ്ക്കുണ്ടാകുന്നത്. ഇത് വിവാഹജീവിതത്തിന്റെ അവസാനത്തിലേക്ക് വരെ എത്തി നില്‍ക്കുന്നു. തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുകയും പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനാവുകയും ചെയ്ത വില്ലനെ വഴിയില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ അവിടെ നായികയുടെ കലി മനസിലാക്കി നായകന്‍ വില്ലനെ കീഴ്‌പെടുത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

യുവാക്കളുടെ ചിന്തകളിലൂടെയാണ് കലി സഞ്ചരിക്കുന്നത്. ഒരു ദിവസത്തെ സംഭവം മാത്രമാണ് പ്രമേയം. പ്രണയവും, വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹവും തുടര്‍ന്നുള്ള ബാങ്ക് ജോലിയും നഗര ജീവിതത്തില്‍ നാം കാണാറുള്ള കുടുംബങ്ങളെ ഓര്‍മപ്പെടത്തും. എവിടെയും ക്ഷമ കാണിക്കാതെ എടുത്തുചാടുന്ന യുവത്വം പലതും മനസിലാക്കേണ്ടതുണ്ടെന്ന സന്ദേശമാണ് കലി നല്‍കുന്നത്. ഇതേസമയം പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതെ ഒളിച്ചോടാനുള്ളതല്ല കലിയെന്നും സിനിമ പറയുന്നു.

എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന, ചിലരില്‍ മൂക്കത്ത് കാണുന്ന കലി ഒരു സിനിമയുടെ പ്രമേയമാക്കി രസകരവും ത്രില്ലിംഗ് അനുഭൂതിയിലും സൃഷ്ടിച്ച സമീര്‍ താഹിര്‍ പ്രശംസയര്‍ഹിക്കുന്നു. ദിവസേന ചുറ്റുപാടും കാണുന്ന സീനുകള്‍ സിനിമയെ കലി പ്രമേയമാക്കി നമുക്ക് കാട്ടിത്തരുകയായിരുന്നു. സമീര്‍ താഹിറിന്റെ എല്ലാ സിനിമകള്‍ക്കും ഈ വ്യത്യസ്തത കാണാന്‍ സാധിക്കും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കാണുമ്പോള്‍ ഈ സിനിമയില്‍ എന്താണുള്ളതെന്ന് ചിന്തിച്ചവരാണ് കൂടുതലും. എന്നാല്‍ ആ സിനിമ നല്‍കിയ അനുഭൂതിയും അറിവും സിനിമ കൈകാര്യം ചെയ്തതില്‍ പുലര്‍ത്തിയ വ്യത്യസ്തതയും സമീറിന് മാത്രം അവകാശപ്പെട്ടതാണ്. കലിയിലും അത് അങ്ങനെതന്നെ. പല രംഗങ്ങളിലും പ്രേക്ഷകന് കലി വരുത്തുന്ന രീതിയില്‍ ത്രില്ലിംഗ് ആയി അവതരിപ്പിച്ചു.

രാജേഷ് ഗോപിനാഥന്റെ തിരക്കഥ മലയാളം ഇേവരെ കണ്ടിട്ടില്ലാത്ത പുതിയ പരീക്ഷണമാണ്. നായകന്റെ കലിക്കും പ്രണയത്തിനും അനുസൃതമായി ഗോപിസുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം, ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും മികച്ചു നില്‍ക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചേരുവകളോട് കിടപിടിക്കുന്ന വിവേക് ഹര്‍ഷന്റെ ചിത്രസംയോജനം സിനിമയെ വ്യത്യസ്തമാക്കി. സന്ദര്‍ഭത്തിന് അനുയോജ്യമായ വരികള്‍ ഒരുക്കി സൃഷ്ടിച്ച രണ്ട് ഗാനങ്ങളും ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഒരു നല്ല എന്റര്‍ടൈനര്‍ എതിനപ്പുറം കലി പ്രേക്ഷകന് പലതും പകര്‍ന്നു നല്‍കുന്നുണ്ട്. പെട്ടെന്നു ദേഷ്യം വരുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാം നല്ല സ്‌നേഹമുള്ളവരും സഹായമനസ്‌കരും ആയിരിക്കും. സിനിമയിലെ വില്ലന്‍ ഏറെ ക്ഷമയുള്ളവനാണ്. സിനിമയില്‍ കഥാപാത്രങ്ങള്‍ പേരിന് മാത്രമാണ്. നായകനും വില്ലനും എല്ലാം നമ്മില്‍ ഉറങ്ങി കിടക്കുന്നതോ ഉണര്‍ന്നിരിക്കുന്നതോ ആയ കലിയാണ്. നായകനും വില്ലനും കലിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News