വാംഖഡെ കാത്തിരിക്കുന്നത് കോഹ്‌ലി-ഗെയ്ൽ പോരാട്ടത്തിനായി; ഇന്ത്യ-വിൻഡീസ് സെമിഫൈനൽ ഇന്ന്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് അടിയുടെ ഇടിയുടെ പൊടിപൂരമായിരിക്കും. അതെ, ഇന്ത്യ-വെസ്റ്റ്ഇൻഡീസ് സെമിഫൈനൽ മത്സരം എന്നതിലുപരി ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനും മാരക ബാറ്റ്‌സ്മാനും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് വാംഖഡെയിൽ നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ വിജയപ്രതീക്ഷ പകുതിയും കോഹ്‌ലി എന്ന യുവ ബാറ്റ്‌സ്മാനെ ആശ്രയിച്ചാണിരിക്കുന്നത്. അതുപോലെ തന്നെ വിൻഡീസ് എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗെയ്ൽ ആണെന്നും പറയാം. ലോകകപ്പിലെ ടോപ് സ്‌കോററും ഉയർന്ന റൺറേറ്റിന്റെ ഉടമയും തമ്മിലുള്ള പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ജയിച്ച മൂന്നു കളികളും കോഹ്‌ലിയുടെ തോളിലേറിയായിരുന്നെന്നു പറയാം. രണ്ടു കളികൾ ജയിപ്പിച്ച അർധസെഞ്ച്വറികൾ അടക്കം കോഹ്‌ലി നേടിയത് 184 റൺസ്. അതിവേഗ സെഞ്ച്വറി അടക്കം ഗെയ്‌ലിന്റെ റൺറേറ്റ് 208. കോഹ്‌ലിയെ ഭയമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിൻഡീസ് ക്യാപ്റ്റൻ സമി നൽകിയ ഉത്തരത്തിലുണ്ട് ഇന്നത്തെ മത്സരത്തെ കുറിച്ചുള്ള എല്ലാം. കോഹ്‌ലിയെ എന്തിനു ഭയക്കണം? നിങ്ങൾ ക്രിസ് ഗെയ്ൽ എന്നൊരു കളിക്കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്നായിരുന്നു സമിയുടെ മറുചോദ്യം.

ധോണിപ്പടയുടെ കരുത്ത് കോഹ്‌ലിയുടെ ബാറ്റിംഗ് തന്നെയാണെന്ന് നിസ്സംശയം പറയാം. ഹിറ്റ്മാൻ രോഹിത് ശർമയും ശിഖർ ധവാനും എല്ലാം തുടർച്ചയായി പരാജയപ്പെടുന്നു. യുവരാജ് സിംഗ് ആകട്ടെ പരുക്കേറ്റതിനാൽ ഇന്നു കളിക്കുമോ എന്നു പോലും സംശയമാണ്. നായകൻ ധോണി വിക്കറ്റിനു പിന്നിൽ തകർപ്പൻ ഫോമിൽ നിൽക്കുമ്പോഴും വിക്കറ്റിനു മുന്നിൽ വേണ്ടത്ര പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. ബോളിംഗിൽ ആശിഷ് നെഹ്‌റ കുഴപ്പമില്ലാതെ പന്തെറിയുന്നുണ്ട്. ജസ്പ്രീത് ബൂംറയും റൺവിട്ടു കൊടുക്കുന്നതിൽ പിശുക്കു കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്നില്ല. സ്പിന്നിൽ അശ്വിനിൽ തന്നെയാണ് പ്രതീക്ഷ. രവീന്ദ്ര ജഡേജയും പ്രതീക്ഷ കാക്കുന്നു.

അപ്പുറത്ത് വിൻഡീസ് എന്നാൽ ഗെയ്ൽ എന്നാണർത്ഥം. ഗെയ്ൽ മടങ്ങിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യക്കാരെ പേടിപ്പിക്കാൻ ശേഷിയുള്ളവർ ഇല്ലെന്നു തന്നെ പറയാം. സമിയും കൂട്ടരുമൊക്കെ പേരിനു മാത്രം. ഒപ്പം ഫ് ളച്ചർ പരുക്കേറ്റു മടങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നു ഇന്ത്യ കണക്കു കൂട്ടുന്നു. ഗെയ്‌ലിന്റെ കൊടുങ്കാറ്റിനെ നെഹ്‌റയും ബൂംറയും എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്. അതോ വിശ്വസ്തനായ അശ്വിനെ ഗെയ്‌ലിന്റെ അശ്വമേധം തളയ്ക്കാൻ ആദ്യമേ നിയോഗിക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. അഞ്ചു വർഷം മുമ്പ് ധോണിപ്പട ഏകദിന ലോകകപ്പ് ഉയർത്തിയ അതേ വാംഖഡെയിൽ തന്നെയാണ് ഇന്നും കളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News