‘ഭാരത് മാതാ കീ ജയ്’ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിര്; രാജ്യത്തെ സ്‌നേഹിക്കുന്നു എന്നാല്‍ ആരാധിക്കാന്‍ കഴിയില്ല; ഫത്‌വയുമായി ദാറുല്‍ ഉലൂം ദയൂബന്ത്

മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന ഫത്‌വയുമായി ദാറുല്‍ ഉലൂം ദയൂബന്ത്. രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും എന്നാല്‍ ആരാധിക്കാന്‍ കഴിയില്ലെന്നും ഫത്‌വയില്‍ പറയുന്നു. ഇസ്ലാമിന് ഏകദൈവം മാത്രമാണുള്ളതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഫത്‌വയില്‍ വ്യക്തമാക്കിയിട്ടുള്ളതായി ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭാരത് മാതാ കീ ജയ് എന്നത് ഹിന്ദുമത വിശ്വാസപ്രകാരമുള്ള ദേവീ സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ്. ദേവിയെ ആരാധിക്കുകയെന്നത് ഇസ്ലാം മതത്തിനും വിശ്വാസത്തിനും എതിരാണ്. ദൈവത്തെയല്ലാതെ മറ്റൊന്നിനെയും മുസ്ലീങ്ങള്‍ ആരാധിക്കാന്‍ പാടില്ലെന്നും ഫത്‌വയില്‍ വ്യക്തമാക്കി.

അതേസമയം, ഫത്‌വക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രംഗത്തെത്തി. ദാറുല്‍ ഉലൂം ദയൂബന്ത് ഫത്‌വ ഇസ്ലാമിക മൗലികവാദത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഭാരത് മാതാ കീ ജയ് വിളിയെ അധിക്ഷേപിക്കുന്നത് രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും സാധ്വി പറഞ്ഞു. അവര്‍ ജീവിക്കുന്നത് പാകിസ്ഥാനിലല്ലെന്ന് മനസിലാക്കണമെന്നും സാധ്വി അഭിപ്രായപ്പെട്ടു.

രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങളില്‍ അക്കാര്യം ചെയ്യണമെന്നും വീടിന് മുകളില്‍ ദേശീയപതാക പാറിക്കണമെന്നും സ്വാതന്ത്ര്യദിനത്തില്‍ ആഘോഷങ്ങളില്‍ പങ്കാളികളാകണമെന്നും ദാറുല്‍ ഉലൂം ദിയോബന്ദ് അടുത്തിടെ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here