സൗദിയില്‍ ഡ്രൈവര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം; ഇനി ഡ്രൈവര്‍ വിസ അനുവദിക്കില്ല; പുതിയ നിയമം ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്നത്

റിയാദ്: ഗതാഗത മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ടാക്‌സി വിഭാഗം ഗതാഗത മന്ത്രാലയത്തിന്റെ കീഴിലാക്കി നിയമം കര്‍ശനമായി നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

ഗതാഗതമേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നതിന് തൊഴില്‍- ഗതാഗത മന്ത്രാലയങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ് പുതിയ നിയമം.

ടാക്‌സി ഡ്രൈവര്‍ വിഭാഗത്തിലേക്ക് ഇനി മുതല്‍ വിസ അനുവദിക്കില്ലെന്ന തീരുമാനമാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം ടാക്‌സി കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഡ്രൈവര്‍ വിസ അനുവദിക്കുകയില്ല. നിലവില്‍ വിസയുള്ളവരെ കാലാവധി കവിയുന്നത് വരെ തുടരാന്‍ അനുവദിക്കും. അതിന് ശേഷം രാജ്യം വിട്ടു പോകണമെന്നാണ് നിര്‍ദേശം. നിലവില്‍ ടാക്‌സി വിഭാഗത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വിസ നിയന്ത്രണമുണ്ട്.

നേരത്തെ മൊബൈല്‍ ഫോണ്‍ മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതരംഗത്തും നിതാഖാത് വരുന്നത്. സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here