ഭാരത് മാതാ കീ ജയ് വിളിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് ശിവസേന; ഭാരത മാതാവിന്റെ മക്കള്‍ കുടിവെള്ളത്തിനായി പരക്കം പായുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും ദേശീയത വിവാദങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ബിജെപിക്കെതിരെ രുക്ഷ വിമര്‍ശനവുമായി ശിവസേന. ഭാരത് മാതാ കീ ജയ് വിളിക്കണമെങ്കില്‍ ആരെങ്കിലും ജീവനോടെ അവശേഷിക്കണ്ടെയെന്ന് ശിവസേന ചോദിക്കുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ തയ്യാറാകാത്തവര്‍ രാജ്യം വിട്ട് പോകണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലൂടെയാണ് ശിവസേന രൂക്ഷവിമര്‍ശനം നടത്തിയത്.

ഗ്രാമങ്ങളിലും വീടുകളിലും വെള്ളം എത്തിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ നന്നായിരുന്നു. ഭാരത മാതാവിന്റെ മക്കള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. അവര്‍ക്ക് വെള്ളം എത്തിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതാണ് നല്ലതെന്നും ശിവസേന പറഞ്ഞു.

സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് മൂന്നാം ലോകയുദ്ധം ജലത്തിന് വേണ്ടിയാകുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണമുണ്ട്. അനീതിയെ നേരിടാന്‍ ചില യുവാക്കള്‍ മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരാകപ്പെടുന്നു. അതുപോലെ വെള്ളത്തിനായി യുവാക്കള്‍ ആയുധമെടുക്കുന്ന അവസ്ഥ ഭയാനകമായിരിക്കും. ഭാരത മാതാവിന്റെ സ്വപ്നത്തിലെ മഹാരാഷ്ട്ര ഇങ്ങനെയല്ലെന്നും ശിവസേന പറഞ്ഞു.

ദാഹിച്ചുവലഞ്ഞിരിക്കുന്ന ജനങ്ങള്‍ ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ വിളിക്കുമെന്നു പ്രതീക്ഷിക്കാനാകില്ല. മറാത്‌വാഡയിലും വടക്കന്‍ മഹാരാഷ്ട്രയിലും പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജലടാങ്കുകള്‍ക്ക് പൊലീസ് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നു. ഔറംഗബാദ് പോലുള്ള സ്ഥലങ്ങളില്‍ 40 ദിവസത്തിലൊരിക്കലേ ജലവിതരണമുള്ളൂ.

കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. പ്രധാന നഗരങ്ങളായ താനെ, പുണെ, നാഗ്പൂര്‍, മുംബൈ സ്ഥലങ്ങളിലെ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ച് ദേശസ്‌നേഹത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ജനങ്ങളുടെ ദാഹത്തെ ശമിപ്പിക്കില്ലെന്നും ശിവസേന ബിജെപിയെയും കേന്ദ്ര സര്‍ക്കാറിനെയും ഓര്‍മിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News