പരവൂർ വെടിക്കെട്ട് ദുരന്തം; ക്ഷേത്രം ഭാരവാഹികൾ കീഴടങ്ങി; ഇന്നലെയും ഇന്നുമായി കീഴടങ്ങിയത് ആറുപേർ; കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ കീഴടങ്ങി. ഇന്നലെയും ഇന്നുമായി ആറു പേരാണ് കീഴടങ്ങിയത്. ഇന്നലെ ക്ഷേത്രം പ്രസിഡന്റും സെക്രട്ടറിയും അടക്കം അഞ്ചുപേർ കീഴടങ്ങിയിരുന്നു. ഇന്നു രാവിലെയാണ് ഒരാൾ കീഴടങ്ങിയത്. സംഭവത്തിനു ശേഷം ക്ഷേത്രം ഭാരവാഹികൾ ഒളിവിലായിരുന്നു. ഇന്നലെ രാത്രി വർക്കല കാപ്പിൽ ക്ഷേത്രത്തിനു സമീപം വച്ചാണ് പ്രതികൾ കീഴടങ്ങിയത്. അതേസമയം, കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.എസ് ജയലാൽ, സെക്രട്ടറി കൃഷ്ണൻകുട്ടി പിള്ള, ഖജാൻജി ജെ.പ്രസാദ്, സമിതി അംഗങ്ങളായ സോമസുന്ദരൻ പിള്ള, രവീന്ദ്രൻ പിള്ള എന്നിവരാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്നലെ കീഴടങ്ങിയത്. മറ്റൊരു ഭാരവാഹി കൂടിയായ സുരേന്ദ്രനാഥ പിള്ളയാണ് ഇന്നു രാവിലെ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയത്.

എന്നാൽ, പ്രതികളെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ പൊലീസ് ശ്രമമുണ്ടായി. കീഴടങ്ങാനെത്തിയ പ്രതികളെ പിൻവാതിലിലൂടെയാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. മാധ്യമങ്ങളെ കാണിച്ചതുമില്ല. പ്രതികൾ ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ്. ദേവസ്വം ഭാരവാഹികളിൽ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കീഴടങ്ങലെന്ന് കരുതുന്നു.

വെടിക്കെട്ട് ദുരന്തമുണ്ടായ ഉടനെ തന്നെ ഇവർ ഒളിവിൽ പോയിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ട് വൻ ദുരന്തത്തിലേക്കാണ് നയിച്ചത്. 110 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതേത്തുടർന്ന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു. പ്രസിഡന്റ്, സെക്രട്ടറി, നാലു കരക്കാരുടെ പ്രതിനിധികൾ, നാലു കമ്മിറ്റി അംഗങ്ങൾ എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here