കലാഭവൻമണിയുടെ മരണം: തന്നെ പ്രതിയാക്കിയ വ്യാജവാർത്തയുണ്ടാക്കിയ ആളെ കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന് തരികിട സാബു; മദ്യപാനം വ്യക്തിപരമായ കാര്യം

കലാഭവൻ മണിയുടെ മരണത്തിൽ തനിക്കു പങ്കുണ്ടെന്നു കാട്ടി വാട്‌സ് ആപ്പിൽ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന് തരികിട സാബു. തന്റെ പേരിൽ നടന്ന പ്രചാരണം തനിക്കെതിരായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണോ അതോ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണോ എന്നു സംശയിക്കുന്നതായും മംഗളം വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ സാബു പറഞ്ഞു.

മംഗളം വാരികയ്ക്കു വേണ്ടി സുനിത സുനിൽ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ

മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേര് താങ്കളുടേതാണല്ലോ? എന്താണ് താങ്കള്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളത്?

അനീഷ് ഉപാസനയുടെ കിണ്ടറും ജോയിയും എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ പോയ സമയത്താണ് ഹോട്ടലില്‍ വച്ച് ജാഫര്‍ ഇടുക്കിയെ കാണുന്നത്. അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണമാണ് ഞങ്ങള്‍ മണിച്ചേട്ടനെ കാണാന്‍ പോകുന്നത്. ഏകദേശം പതിനൊന്നുമണിയോടെ ഞാന്‍ അവിടുന്ന് എറണാകുളത്തേയ്ക്ക് പോയി. പിറ്റേന്ന് രാവിലെ എനിക്ക് തിരുവനന്തപുരം മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളജില്‍ പരിപാടിയുണ്ടായിരുന്നു. മണിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പീറ്ററാണ് എന്നെ എറണാകുളത്ത് എത്തിച്ചത്. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് മണിച്ചേട്ടന്റെ മരണ വാര്‍ത്ത അറിയുന്നത്. മറ്റു കാര്യങ്ങളൊന്നും എനിക്കറിയില്ല.

അന്നു നടന്ന സംഭവങ്ങള്‍ ഒന്നു ചുരുക്കിപ്പറയാമോ?

ഹോട്ടലില്‍ നിന്ന് മണിച്ചേട്ടനെ കാണാന്‍ ഞാനും ജാഫര്‍ ഇടുക്കിയും കൂടിപ്പോയി. അവിടെച്ചെന്ന് എല്ലാവരും കൂടി വളരെ സന്തോഷത്തോടെ കുറേനേരം ചേട്ടനുമായി സംസാരിച്ചു. ഞാന്‍ അന്നു വന്നത് സംവിധായകന്‍ സാജന്‍ മാത്യൂവിന്റെ വണ്ടിയിലാണ്. അവനു പിറ്റേന്ന് മൂന്നാറിനു പോകേണ്ടതിനാല്‍ വണ്ടി വേണമെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു പതിനൊന്നുമണിയോടു കൂടി ഇറങ്ങി. പീറ്ററാണ് വണ്ടിയോടിച്ചത്. എറണാകുളം പനമ്പള്ളി നഗറിലുള്ള സാജന്റെ ഫ്‌ളാറ്റില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, സാജന്റെ ഭാര്യയുടെ വണ്ടിയിലാണ് പിന്നീട് ഞങ്ങള്‍ പോയത്. ഭക്ഷണം കഴിച്ച് പീറ്റര്‍ തിരിച്ചുപോയി. എറണാകുളത്ത് റൂമെടുത്ത് ഞാനവിടെ കിടന്നു. പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് പോയി. പരിപാടിയും കഴിഞ്ഞ് തിരിച്ച് കായംകുളത്തെത്തിയപ്പോഴാണ് നടന്‍ സാദിഖ് വിളിച്ച് മണിച്ചേട്ടന്‍ മരിച്ചെന്നു പറയുന്നത്. കേട്ടപ്പോള്‍ ഷോക്കായി. തലേ ദിവസം എന്റൊപ്പമിരുന്ന് കളിച്ചു ചിരിച്ച വ്യക്തിയാണ് മരിച്ചെന്നറിയുന്നത്. സാദിഖ് തന്നെയാണ് മണിച്ചേട്ടന്റെ മരണത്തില്‍ എനിക്കും പങ്കുണ്ടെന്ന് എല്ലാവരും പറയുന്നതായി അറിയിച്ചത്.

ഒരു മാധ്യമത്തില്‍ താങ്കള്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ താങ്കള്‍ തന്നെ ഡ്രൈവ് ചെയ്ത് പോവുകയാണ് ചെയ്തതെന്ന് പറഞ്ഞിരുന്നല്ലോ?

ഞാനങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങളല്ലേ, അവര്‍ക്ക് എന്തുവേണമെങ്കിലും എഴുതാമല്ലോ? അതൊന്നും എന്നെ സംബന്ധിക്കുന്ന കാര്യമല്ല.

താങ്കള്‍ അന്ന് മദ്യപിച്ചിരുന്നോ?

അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ മദ്യപിച്ചിരുന്നോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. ഒരു പക്ഷേ ഈ കേസുമായി ബന്ധപ്പെട്ട ചോദ്യമായിരിക്കാം. പക്ഷേ ഞാന്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പബ്ലിക്കായി പറയേണ്ട കാര്യം എനിക്കില്ല. കഴിഞ്ഞദിവസം ഒരു മീഡിയ ചര്‍ച്ചയ്ക്കിടയിലും ഞാന്‍ പറഞ്ഞ കാര്യമാണ് ഇത്. എന്റെ അച്ഛനും അമ്മയും കുടുംബക്കാരുമെല്ലാം കാണുന്ന ഒരു പരിപാടിയില്‍ ഞാന്‍ മദ്യപിച്ചു ബോധമില്ലാതെ നടക്കുന്നു എന്നു പറയാന്‍ പറ്റില്ല. പറയേണ്ടിടത്ത് കൃത്യമായി ഞാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇങ്ങനെ ഒരു ആരോപണം ഉണ്ടായതെങ്ങനെയാണ്?

ഇത് മണിച്ചേട്ടന്റെ സുഹൃത്തുക്കള്‍ക്കു മൊത്തം എതിരെയുള്ള ആരോപണങ്ങളാണ്. എനിക്ക് പറ്റിയൊരബദ്ധം, ഞാന്‍ അറിയാതെ മീഡിയായ്ക്കു മുമ്പില്‍ പെട്ടുപോയി എന്നതാണ്. കഴിഞ്ഞദിവസം നികേഷ്‌കുമാറിനോട് ഞാന്‍ ചോദിച്ചു
”ഞാന്‍ മാത്രമാണോ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നെ മാത്രമേ നിങ്ങള്‍ ക്രോസ് വിസ്താരം ചെയ്യുന്നുള്ളോ? പത്തുപേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. അവരെയൊന്നും ആര്‍ക്കും ക്രൂശിക്കേണ്ട”. എന്തവസ്ഥയാണിത്? ഞാനെന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളുടെ മൊഴിയില്‍ വൈരൂദ്ധ്യങ്ങളാണെന്ന്. ഇവരെന്താ അന്വേഷണ ഉദ്യോഗസ്ഥന്മാരാണോ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ടെങ്കില്‍ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഏഷ്യാനെറ്റിലെ പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍ സംഭവങ്ങളൊന്ന് ക്ലാരിഫൈ ചെയ്താല്‍ മതിയെന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ഞാനറിഞ്ഞോ രാമകൃഷ്ണനൊക്കെ വന്നിരുന്ന് ഇത്ര വലിയ പ്രശ്‌നമാക്കുമെന്ന്. അന്നു വരെ പാഡിയില്‍ പോയിട്ടില്ലാത്ത ഞാന്‍ മണി മരിച്ച ദിവസം കൃത്യമായി അവിടെ ചെന്നു. ആ ഒരു കാര്യത്തില്‍ പിടിച്ചാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. പകുതി സമയമായപ്പോള്‍ തിരിച്ചുപോന്നു. അതും അബോധാവസ്ഥയില്‍. സംശയിക്കാന്‍ രാമകൃഷ്ണന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്. എന്നാല്‍ ഞാനൊരു കാര്യം പറയട്ടേ, ഞാന്‍ അബോധാവസ്ഥയിലാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. അബോധാവസ്ഥയിലായ ഞാനെങ്ങനെയാണ് ഒരാളുടെ മരണത്തിന് കാരണമാകുന്നത്. മറ്റൊരാള്‍ എന്നെ വണ്ടിയില്‍ കൊണ്ടുപോകുന്ന ലെവലിലാണ് ഞാന്‍. ആ ഞാനെന്തു ചെയ്യാനാണ് ഈ കേസിലെന്ന് മനസ്സിലാക്കണ്ടേ. എന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് മീഡിയക്കാര്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും. അവരു മൊഴി കണ്ടോ. കഴിഞ്ഞദിവസം ലൈവ് പ്രോഗ്രാമില്‍ ഞാന്‍ ചോദിച്ച ചോദ്യമാണിത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഞാനെന്റെ മൊഴി വ്യക്തമായി നല്‍കിയിട്ടുണ്ട്. അതെടുത്ത് വായിച്ച് നോക്കിയിട്ട് സംസാരിക്കാന്‍ അവരോട് പറഞ്ഞു.

ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണല്ലോ ഇത്രയും പ്രശ്‌നങ്ങള്‍ സാബുവിന് നേരിടേണ്ടി വന്നത്?

വിഷാംശം മൂലമാണ് മരണമെന്ന ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പാണ് ഒരു ചാനലിന്റെ പേരില്‍ വ്യാജവാര്‍ത്ത വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ സാബുവാണെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ചാനല്‍ അറിഞ്ഞ വാര്‍ത്തയല്ല ഇതെന്ന് അപ്പോള്‍ തന്നെ അവര്‍ എന്നെ അറിയിച്ചു. എന്റെ സംശയം, ഒന്നുകില്‍ ഇത് എനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അല്ലെങ്കില്‍ കേസ് വഴിതിരിച്ചു വിടാനുള്ള മാര്‍ഗ്ഗമാണ്. ഈ വ്യാജ വാര്‍ത്തക്കു പിന്നില്‍ ആരാണെന്നു കണ്ടെത്തിയാല്‍ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടു വരാന്‍ സാധിക്കും.

താങ്കളുടെ ഒരു അവസരം മുടക്കാന്‍ കലാഭവന്‍ മണി ശ്രമിച്ചതായി കേട്ടിട്ടുണ്ട്?

അതൊരു സ്റ്റുപ്പിഡിറ്റിയാണ്. ആ സിനിമയുടെ സംവിധായകന്‍ സാജന്‍ മാത്യുവും ഞാനും ഒരുമിച്ച് എല്‍.എല്‍.ബിക്ക് പഠിച്ചതാണ്. മോഹന്‍ലാലിനെ ഞാന്‍ ചീത്തവിളിച്ചെന്നും പറഞ്ഞ് ഭയങ്കര പ്രശ്‌നം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങള്‍ എനിക്കും സാജനും നേരിടേണ്ടി വന്നപ്പോള്‍ അവന്‍ തന്നെയാണ് സിനിമയില്‍ നിന്നും പിന്മാറുന്നു എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മാത്രമല്ല സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ എനിക്കത് ഇഷ്ടപ്പെട്ടതുമില്ല. പിന്നെ സാജനെന്ന വ്യക്തി ജീവിതത്തിലിന്നുവരെ കലാഭവന്‍മണിയെ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു പോലും സംശയമാണ്.

മണിയുമായി നല്ല സൗഹൃദമായിരുന്നോ?

സൗഹൃദമെന്നു പറയാന്‍ പറ്റില്ല. എന്റെ ആദ്യ സിനിമയില്‍ മണിച്ചേട്ടനുമുണ്ടായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളില്‍ വച്ചും കാണും സംസാരിക്കും. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവരുടെ സങ്കടം കണ്ടാല്‍ മനസ്സലിയുന്ന വ്യക്തിയാണ്. എല്ലാവരോടും ഭയങ്കര സ്‌നേഹമുള്ള ആളാണ്.

ഇത്രയും വിവാദങ്ങള്‍ക്കിടയില്‍ വീട്ടുകാരുടെ പിന്തുണ?

ഭാര്യ സ്‌നേഹ, ഒരു കമ്പനിയില്‍ ലീഗല്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്. ഐറ, ഷെഫാലി. വീട്ടുകാര്‍ പൂര്‍ണ്ണമായും എന്നെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്ക് സ്വല്‍പം പേടിയുണ്ട്. മണിച്ചേട്ടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു നടനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്നെ എന്തെങ്കിലും ചെയ്യുമോയെന്ന്. ഈ സംഭവത്തിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മുതല്‍ സഹോദരങ്ങളും അച്ഛനും അമ്മയുമൊക്കെ ഫോണ്‍ വിളിച്ചു കൊണ്ടേയിരിക്കും. ഒരു അഡ്വക്കേറ്റായതുകൊണ്ടാവാം ഭാര്യയ്ക്ക് അത്ര പേടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News