ഇന്ത്യയിൽ ഗർഭഛിദ്രം നടത്തുന്നവരിൽ കൂടുതലും 20 വയസിൽ താഴെയുള്ള നഗരപ്രദേശങ്ങളിലെ പെൺകുട്ടികൾ; നഗരങ്ങളിലെ കൗമാരക്കാരികൾ നേരത്തെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെന്നും സർവേ

ദില്ലി: ഇന്ത്യയിൽ നഗരപ്രദേശങ്ങളിൽ ഗർഭചിദ്രത്തിനു വിധേയമാകുന്നവരിൽ ഭൂരിഭാഗവും 20 വയസിൽ താഴെയുള്ള പെൺകുട്ടികൾ. സർക്കാരിന്റെ ആരോഗ്യസർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത് നഗരങ്ങളിലെ കൗമാരക്കാരികൾക്ക് ലൈംഗികതയോടുള്ള ഉദാരസമീപനവും നേരത്തെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആരോഗ്യസർവേ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പഠനറിപ്പോർട്ട് പ്രകാരം നഗരപ്രദേശങ്ങളിൽ 74 ശതമാനം ഗർഭം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ ഗർഭധാരണത്തിന്റെ കണക്ക് 77 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളിൽ ഗർഭഛിദ്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2 ശതമാനം ആണെങ്കിൽ നഗരപ്രദേശങ്ങളിൽ ഇത് 3 ശതമാനമാണ്. എന്നാൽ, മൊത്തം ഗർഭഛിദ്രത്തിന്റെ 14 ശതമാനവും കൗമാരക്കാരിലാണെന്നതാണ് വസ്തുത. അതും നഗരപ്രദേശങ്ങളിൽ വസിക്കുന്നവരിൽ. ഗർഭം അലസിപ്പോകുന്നവരും 20 വയസിൽ താഴെയുള്ളവരാണ് കൂടുതൽ. 21 ശതമാനം.

അതേസമയം, 4.4 ശതമാനം മാത്രമാണ് ഗ്രാമപ്രദേശങ്ങളിൽ ഗർഭം അലസിപ്പോകുന്നവരുടെ എണ്ണം. നഗരപ്രദേശങ്ങളിൽ ഇതും കൂടുതലാണ്. 5.9 ശതമാനം. അതും നഗരപ്രദേശങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നിരിക്കെയാണ് ഈ നടപടി. സർവേ നടത്തുന്ന തിയ്യതി വരെയുള്ള ഒരുവർഷത്തെ കാലയളവിൽ 15 മുതൽ 49 വയസു വരെയുള്ള ആളുകൾ ഗർഭിണികളായിരുന്നു. ഇതിൽ 9.6 ശതമാനം പേർ ഗ്രാമപ്രദേശത്തുള്ളവരും 6.8 ശതമാനം പേർ നഗരപ്രദേശത്തുള്ളവരുമായിരുന്നു.

കൂടാതെ ഗ്രാമപ്രദേശങ്ങളിൽ 56 ശതമാനം പേർ പ്രസവിച്ചത് സർക്കാർ ആശുപത്രികളിൽ ആയിരുന്നെന്നും 24 ശതമാനം പേർ സ്വകാര്യ ആശുപത്രികളിൽ ആയിരുന്നെന്നും പഠനത്തിൽ വ്യക്തമായി. നഗരപ്രദേശങ്ങളിലാകട്ടെ ഇത് സർക്കാർ ആശുപത്രികളിൽ 42 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 48 ശതമാനവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here