യുഎഇയിൽ ഇരുന്ന് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കളിക്കുന്നവരോട്; പിടിവീഴും; പണിയാകും

ദുബായ്: യുഎഇയിൽ സമൂഹമാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടാൽ കുടുങ്ങും. ഇത്തരത്തിൽ ജനങ്ങൾക്കു മാനഹാനി വരുത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. സൈബർനിയമം സംബന്ധിച്ചുള്ള അറിവില്ലായ്മ നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാൻ കാരണമാകുന്നില്ലെന്ന് യുഎഇ ആഭ്യന്തരമന്ത്രിയുടെ സാംസ്‌കാരിക വകുപ്പ് കാര്യാലയ തലവൻ കേണൽ സ്വലാഹ് ഉബൈദ് അറിയിച്ചു. ആധുനികസാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും കൂടിയതായി അദ്ദേഹം വ്യക്തമാക്കി.

നവമാധ്യമങ്ങൾ വഴി ജനങ്ങളെ അപഹസിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കോടതികളിൽ വർധിച്ചു വരുകയാണ്. ഇത്തരം കേസുകളിലെ പ്രതികൾക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകും. സൈബർ കേസുകളും അതിനു ലഭിക്കുന്ന ശിക്ഷയും സംബന്ധിച്ചു പൊതുബോധം ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിയമത്തെ കുറിച്ച് അറിവില്ലെന്നത് പ്രതികൾക്കു ശിക്ഷാനടപടികളിൽ ഇളവുലഭിക്കാൻ കാരണമാകുന്നില്ല. ഉതകുന്നതല്ല. ഇ-കുറ്റകൃത്യങ്ങൾ നിയമങ്ങൾക്ക് അപ്പുറത്താണെന്നു കരുതിയാണു പലരും നവമാധ്യമങ്ങളിലൂടെ അന്യർക്കു മാനഹാനിയുണ്ടാക്കുന്നത്.

ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിലൂടെ പിടിക്കപ്പെടാൻ സാധ്യതയില്ലെന്ന തെറ്റിദ്ധാരണയും ഇത്തരക്കാർക്കുണ്ട്. അതുകൊണ്ടു യുഎഇയിലെ സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമാവലികളെക്കുറിച്ച് ജനങ്ങൾക്ക് അവബോധം വേണം. ആധുനിക സംവിധാനങ്ങൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗപ്പെടുത്തരുത്. ആവിഷ്‌കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here