സൈനികന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാശ്മീരിലെ പതിനാറുകാരിയുടെ മാതാവ്; പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നിര്‍ബന്ധപൂര്‍വ്വം എടുത്തത്; അറിയിക്കാതെയാണ് മകളെ പൊലീസ് പിടിച്ചു കൊണ്ടു പോയത്

ശ്രീനഗര്‍: മകളെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി പൊലീസ് നിര്‍ബന്ധപൂര്‍വ്വം എടുത്തതാണെന്ന് ഹന്ദ്‌വാരയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്. ബാത്ത്റൂമില്‍ വച്ച് സൈനികന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും മാതാവ് ആവശ്യപ്പെട്ടു.

മൊഴിയെടുക്കുമ്പോള്‍ മകള്‍ പൊലീസ് സ്‌റ്റേഷനില്‍ തനിച്ചായിരുന്നു. അതുകൊണ്ടു തന്നെ പൊലീസിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ലെന്നും അമ്മ കുട്ടിച്ചേര്‍ത്തു. തങ്ങളെ അറിയിക്കാതെയാണ് മകളെ പൊലീസ് പിടിച്ചു കൊണ്ടു പോയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മകളുടെ മുഖം കാണിച്ച് കുടുംബത്തെ അപമാനിക്കാന്‍ പൊലീസും സൈനികരും ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ അവര്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു പെണ്‍കുട്ടി. അതിനിടെ മാര്‍ക്കറ്റിലെ ബാത്ത്്‌റൂമില്‍ പോയി. പെട്ടെന്ന് ഒരു ജവാന്‍ അവളെ പിന്തുടര്‍ന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ അവള്‍ അലറിവിളിച്ചു. നിലവിളി കേട്ട് ഓടികൂടിയ ആണ്‍കുട്ടികളും വ്യാപാരികളും പീഡന ശ്രമത്തെ എതിര്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. ഓടിക്കൂടിയ ജനത്തെ പിരിച്ചുവിടാന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

സൈനികനല്ല, രണ്ടു യുവാക്കളാണ് തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കുന്ന വീഡിയോ ഇതിനുശേഷമാണ് പുറത്തുവന്നത്. ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പൊലീസിന്റെ തന്ത്രമാണിതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

അതേസമയം, സംഘര്‍ഷം തുടരുന്ന കാശ്മീരില്‍ യുവാവും സ്ത്രീയുമടക്കം അഞ്ചുപേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മാതാവിനെ വാര്‍ത്താ സമ്മേളനം നടത്താന്‍ അനുവദിക്കാത്തത് പ്രശ്‌നത്തെ രൂക്ഷമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here