അവിഹിതബന്ധത്തെ തുടർന്ന് ഇരട്ടക്കൊലപാതകം: കാമുകനായ ഒന്നാം പ്രതിക്ക് വധശിക്ഷ; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം; പ്രതികൾ അതിക്രൂരരെന്നു കോടതി

തിരുവനന്തപുരം: വിവാഹേതരബന്ധത്തെത്തുടർന്നുണ്ടായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. കാമുകി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും രണ്ടുപേരും നടത്തിയ ക്രൂരമായ കൊലപാതകങ്ങളാണെന്നും കാട്ടിയാണു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇരുവരും അമ്പതു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. രണ്ടുപേർക്കും വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണു ശിക്ഷ വിധിച്ചത്. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുഞ്ഞിനെയാണു കാമുകിയെ സ്വന്തമാക്കാൻ നിനോ മാത്യു കൊന്നത്. മാതൃത്വത്തിനു തന്നെ അപമാനമാണ് അനുശാന്തിയെന്നും കോടതി വിലയിരുത്തി. പിഴയായി ലഭിക്കുന്ന തുക അനുശാന്തിയുടെ ഭർതൃപിതാവ് തങ്കപ്പൻ ചെട്ടിയാർക്കു നൽകണമെന്നും കോടതി നിർദേശിച്ചു. കുഞ്ഞിനെ കൊന്ന അമ്മയെന്നു ചിത്രീകരിക്കരുതെന്ന അനുശാന്തിയുടെ ആവശ്യം കോടതി തള്ളി.

സ്വന്തം കുഞ്ഞിനെക്കൊല്ലാൻ കൂട്ടുനിന്നിട്ടില്ലെന്നും കുഞ്ഞിനെക്കൊന്ന അമ്മയെന്ന നിലയിൽ ശിക്ഷ നൽകരുതെന്നും അനുശാന്തി കോടതിയോടു പറഞ്ഞിരുന്നു. തനിക്ക് കാഴ്ച കുറയുന്നുണ്ട്. താൻ ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ കൂട്ടുനിന്നിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും അനുശാന്തി ബോധിപ്പിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു നിനോമാത്യുവിന്റെ വാദം. പ്രായമായ മാതാപിതാക്കളുണ്ട്. രണ്ടുവർഷമായി താൻ കുഞ്ഞിനെ കണ്ടിട്ടില്ല. ശിക്ഷയിൽ ഇളവ് നൽകണമെന്നും നിനോ അഭ്യർഥിച്ചു. ഭാര്യയെ വിസ്തരിക്കണമെന്ന നിനോ മാത്യുവിന്റൈ ആവശ്യം കോടതി നിരസിച്ചിരുന്നു. തിങ്ങിനിറഞ്ഞ കോടതിയിൽ വെള്ളിയാഴ്ച രാവിലെയാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിലായിരുന്ന അനുശാന്തി രാവിലെ നേരത്തേ തന്നെ കോടതിയിലത്തെിയിരുന്നു. നിനോ മാത്യുവിനെ കേസ് പരിഗണിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് കോടതിയിലത്തെിച്ചത്. അനുശാന്തിയുടെ ഭർത്താവ് ലിജിഷ് കോടതിയിലത്തെിയിരുന്നു. നിനോ മാത്യുവിന്റൈ ആക്രമണത്തിൽ ലീജിഷിന്റെ ചെവിക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here