അഴിമതിയാരോപണം; ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് തിരിച്ചടി; കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയത്തിന് പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം

ബ്രസീലിയ: അഴിമതിയോരോപണ വിധേയയായ ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം ബ്രസീൽ പാർലമെന്റിന്റെ അധോസഭ മൂന്നിൽ രണ്ടു പിന്തുണയോടെ പാസാക്കി. ഞായറാഴ്ച രാത്രിയായിരുന്നു വോട്ടെടുപ്പ്. അധോസഭയായ ചേംബർ ഓഫ് ഡ്യൂട്ടീസാണ് നേരത്തേ കുറ്റവിചാരണയ്ക്കു ശുപാർശ നൽകിയത്. തുടർന്നാണ് മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് ഇന്നലെ വോട്ടിംഗ് നടന്നത്.

2014-ൽ രണ്ടാം വട്ടം പ്രസിഡന്റായി അധികാരമേറ്റ ദിൽമ ബജറ്റ് നിയമങ്ങൾ ലംഘിച്ചു പണം ചെലവിട്ടെന്നാണ് ആരോപണം. അധോസഭ കുറ്റവിചാരണയ്ക്കുള്ള പ്രമേയം പാസാക്കിയ സ്ഥിതിക്ക് ഇനി ഉപരിസഭയായ ഫെഡറൽ സെനറ്റിലേക്ക് അയക്കും. ഇവിടെ നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും പ്രമേയം പാസായാൽ ദിൽമയെ പുറത്താക്കി കുറ്റവിചാരണ നടത്താനുള്ള നടപടികൾ ആരംഭിക്കും. അടുത്തമാസമായിരിക്കും സെനറ്റ് പ്രമേയം പരിഗണിക്കുക. അതേസമയം, തോൽവി സമ്മതിച്ചതായി ദിൽമയുടെ വർക്കേഴ്‌സ് പാർട്ടി വ്യക്തമാക്കി. താൻ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ദിൽമ.

1992-ൽ പ്രസിഡന്റായിരുന്ന ഫെർണാണ്ടോ കോൾ ഡിമ്ലെലോയും അഴിമതിയാരോപണത്തെത്തുടർന്നു ബ്രസീൽ പാർലമെന്റ് ഇംപീച്ച്‌മെന്റ് നേരിട്ടിരുന്നു. ഉപരിസഭയിൽ കുറ്റവിചാരണാപ്രമേയം പാസാകുമെന്ന ഘട്ടമെത്തിയപ്പോൾ ഫെർണാണ്ടോ രാജി നൽകുകയായിരുന്നു. ഇക്കുറി, ദിൽമയ്‌ക്കെതിരായ കുറ്റവിചാരണാ പ്രമേയം പാസായാൽ വൈസ്പ്രസിഡന്റ് മൈക്കൽ ടൈമർ ആക്ടിംഗ് പ്രസിഡന്റാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here