വാര്‍ണറുടെ ചിറകില്‍ ഹൈദരാബാദ് ഉദിച്ചുയര്‍ന്നു; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് 7 വിക്കറ്റിന്

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. 143 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 17 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. പുറത്താകാതെ 90 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഹൈദരാബാദിനെ വിജയത്തില്‍ എത്തിച്ചത്.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റിംഗിനയച്ചു. ഹൈദരാബാദിന്റെ നീക്കം ശരിവയ്ക്കുന്നതായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ്. ആദ്യ ഓവറിലെ നാലാം പന്തില്‍ കുമാര്‍ മുംബൈയുടെ ആദ്യ വിക്കറ്റെടുത്തു. രണ്ട് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് ഭുവനേശ്വര്‍ കുമാര്‍ പവലിയനിലേക്ക് മടക്കി അയച്ചത്. നാലാം ഓവറില്‍ പാര്‍ത്ഥിവ് പട്ടേലിനെ ബരിന്ദര്‍ ശ്രാന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

തുടര്‍ന്ന് വന്ന അമ്പാട്ടി റായുഡു മുംബൈയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ത്തു. 54 റണ്‍സെടുത്ത റായുഡു ശ്രാനിന്റെ പന്തില്‍ ഹെന്റിക്വസിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് വന്ന രോഹിത് ശര്‍മ്മ (5), ജോസ് ബട്‌ലര്‍ (11) എന്നിവരും ഏളുപ്പം മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ കൃണാല്‍ പാണ്ഡ്യ ആണ് റായുഡു തുടങ്ങിവച്ച ദൗത്യം പൂര്‍ത്തിയാക്കിയത്. പാണ്ഡ്യ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഹര്‍ദിക് പാണ്ഡ്യ 2 റണ്‍സെടുത്ത് മടങ്ങി. ഹര്‍ഭജന്‍ സിംഗ് പുറത്താകാതെ ഒരു റണ്‍സെടുത്തു. സണ്‍റൈസേഴ്‌സ് നിരയില്‍ ബരിന്ദര്‍ ശ്രാന്‍ 3 വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സായിരുന്നു സ്‌കോര്‍.

143 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദും തുടക്കത്തില്‍ ഞെട്ടി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങി. രണ്ട് റണ്‍സ് മാത്രമെടുത്ത ധവാനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ശ്രദ്ധാപൂര്‍വ്വം സ്‌കോര്‍ ഉയര്‍ത്തി. 90 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ചവെച്ചത്. 4 സിക്‌സറും 7 ബൗണ്ടറികളും ഉള്‍പ്പടെയാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്.

മോയ്‌സസ് ഹെന്‍ട്രികസ് തുടക്കത്തില്‍ വാര്‍ണര്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ 20 റണ്‍സെടുത്ത ഹെന്‍ട്രികസ് സൗത്തിയുടെ പന്തില്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങി. ഇയന്‍ മോര്‍ഗന്‍ 11 റണ്‍സെടുത്തു. 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡ വാര്‍ണര്‍ക്ക് അവസാന നിമിഷങ്ങളില്‍ പിന്തുണ നല്‍കി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നിരയില്‍ മാന്യമായ ബൗളിംഗ് കാഴ്ചവെച്ചത്. മറ്റാര്‍ക്കും വിക്കറ്റ് ഒന്നും നേടാനായില്ല. സണ്‍റൈസേഴ്‌സിന് വിജയമൊരുക്കിയ വാര്‍ണര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മൂന്ന് മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് പട്ടികയില്‍ വാലറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News