തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറ് സീറ്റിലധികം നേടുമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ജനങ്ങള്‍ മാറ്റത്തിനായി നിലക്കൊള്ളുമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ നിലപാട് മദ്യനിരോധനമല്ല. മറിച്ച് മദ്യവര്‍ജ്ജനമാണ്. ഇത് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരോ സര്‍ക്കാറും അതത് വര്‍ഷമണ് മദ്യനയം രൂപീകരിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാലും അതുതന്നെയാണ് ചെയ്യുക. ആ ഘട്ടത്തില്‍ മദ്യനയത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ കാര്യവും പരിഗണിക്കും.

ഇവിടെ നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ചാരായഷാപ്പുകള്‍ അടച്ചുപൂട്ടി. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തുറക്കുമെന്ന് പറഞ്ഞല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലെത്തിയപ്പോള്‍ പൂട്ടിയതൊന്നും തുറന്നുമില്ല. അന്നും തൊഴിലാളി പ്രശ്‌നങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ത്തികൊണ്ടുവന്നത്. കേരളത്തില്‍ മദ്യം നിരോധിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്നത് മദ്യഉപഭോഗം കൂടിയെന്നാണ്. മദ്യനിരോധനത്തിന്റെ വക്താക്കള്‍ ശരിക്കും മദ്യത്തെ പ്രോല്‍സാഹിപ്പിച്ചിരിക്കയാണ്. അതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കാപട്യമെന്ന് പറഞ്ഞത്.

മദ്യവര്‍ജ്ജനത്തിനാവശ്യമായ എല്ലാ മാര്‍ഗവും എല്‍ഡിഎഫ് നോക്കും. അതുമായി ബന്ധപ്പെട്ട സംഘടനകളുമായി ചേര്‍ന്ന് ശക്തമായ ബോധവത്കരണം നടത്തും. ചെറുപ്രായക്കാരുടെ മദ്യപാനം ഒഴിവാക്കാന്‍ മദ്യഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കും.

പണം വാങ്ങി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എത്രയേറെ അഴിമതികളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ളത്. സംവരണത്തെ എതിര്‍ക്കുന്ന ആര്‍എസ്എസുമായാണ് വെള്ളാപ്പള്ളി കൂട്ടുകൂടിയിട്ടുള്ളത്. സംവരണം വേണ്ടെന്ന് വെച്ച് എല്ലാവരും വെള്ളാപ്പള്ളിക്കൊപ്പം പോകുമോ.

സിപിഐഎം ഇതുവരെ കോണ്‍ഗ്രസുമായി എവിടേയും കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് തീരുമാനവും അതാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അമിതാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അതൊന്നും സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമല്ല. ബംഗാളില്‍ കോണ്‍ഗ്രസ് വളരെ ശക്തി കുറഞ്ഞ കക്ഷിയാണ്. അതിലുള്ള ജനാധിപത്യ വിശ്വാസികളും തൃണമുല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം എന്നാഗ്രിക്കുന്നുണ്ട്. അതിനെ സിപിഐഎം സ്വാഗതം ചെയ്തിട്ടുണ്ടുവെന്നും പിണറായി പറഞ്ഞു.