തിരുവനന്തപുരം: പ്രസ്താവനകള്‍ വളച്ചൊടിച്ച് വാര്‍ത്തകളാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

‘ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതി. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍. ഇങ്ങനെ ഇവിടെ കുറിക്കാന്‍ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയതായി നിറയെ വാര്‍ത്തകള്‍ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്. ‘

‘ ഇതുകാരണം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് വരെ യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും നേതാക്കള്‍ തുരുതുരാ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഫ്‌ളെക്‌സില്‍ മാത്രം ഒന്നിച്ചിരിക്കുന്നവരാണെന്ന് ചില രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതായും കണ്ടു. ‘- വിഎസ് പറയുന്നു.

‘ വിവാദങ്ങള്‍ മാറ്റിവെച്ച് നമുക്ക് യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് കടക്കാം. കേരള ചരിത്രത്തില്‍ ജനങ്ങളെയാകെ വഞ്ചിച്ച ഇത്തരം ഒരു ഭരണം മുമ്പുണ്ടായിട്ടില്ല. സമസ്ത മേഖലകളെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നോട്ടടിച്ചു. സെക്രട്ടറിയേറ്റിന്റെ ആധാരം പോലും കാശുള്ളവന് പണയപ്പെടുത്തി പണം തട്ടുന്ന ഒരുകൂട്ടം ഭരണാധികാരികളാണ് ഇവിടെ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. ഇവരെ അധികാരത്തില്‍ നിന്നും പുറത്താക്കി ഒരു ജനപക്ഷ ഗവണ്മെന്റിനെ അവരോധിക്കുകയും ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയകടമ. ഈ രാഷ്ട്രീയദൗത്യം ഒറ്റമനസ്സോടെയാണ് ഞാനും സഖാവ് പിണറായി വിജയനും അടക്കമുള്ള സി.പി.എം നേതാക്കളും മറ്റ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളും ഏറ്റെടുത്തിരിക്കുന്നത്. ‘
‘അതുകൊണ്ട് ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയട്ടെ തെറ്റിദ്ധാരണയ്ക്കും, തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കിയേക്കാവുന്ന വാക്കുകള്‍ അബദ്ധവശാല്‍ പോലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് കയറെടുത്ത് പാമ്പാക്കാന്‍ കാത്തിരിക്കുന്ന ചില മാധ്യമ സുഹൃത്തുക്കളും ഒരു അമ്പും ഇല്ലാതെ വലയുന്ന യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും പുല്ലുമെടുത്ത് ഇവിടെ ആയുധമാക്കിക്കളയുന്ന സാഹചര്യത്തില്‍. ‘

‘അമേരിക്കയില്‍ നടന്നതായി പറയുന്ന ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം. കാന്റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പ് ഏറെക്കാലത്തിനു ശേഷം അമേരിക്കയില്‍ എത്തി. വിമാനത്താവളത്തില്‍വെച്ച് പത്രലേഖകര്‍ അദ്ദേഹത്തോട് ചോദിച്ച ആദ്യ ചോദ്യം ഇതാണ്. ‘ അമേരിക്കയിലെ വേശ്യാലയങ്ങളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?’ ആകെ അമ്പരന്നുപോയ ആര്‍ച്ച് ബിഷപ്പ് ‘അമേരിക്കയില്‍ വേശ്യാലയങ്ങള്‍ ഉണ്ടോ?’ എന്ന്! അത്ഭുതത്തോടെ ആരാഞ്ഞു. അടുത്ത ദിവസത്തെ പത്രങ്ങളിലെ പ്രധാന തലവാചകം ഇതായിരുന്നു. ‘അമേരിക്കയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് ആദ്യം തിരക്കിയത് അമേരിക്കയില്‍ എവിടെ വേശ്യാലയം ഉണ്ട് എന്നാണ് ‘- വിഎസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.