പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കെന്ന് ജപ്പാൻ സ്ഥാനപതി; ഡീസൽ വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറവെന്നും കെൻജി ഹിരാമത്സു

ശ്രീസിറ്റി(ആന്ധ്രപ്രദേശ്): ദില്ലിയിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ച തീരുമാനത്തിനെതിരേ ജപ്പാൻ രംഗത്ത്. പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കാണെന്ന് ഇന്ത്യയിലെ ജപ്പാൻ സ്ഥാനപതി കെൻജി ഹിരാമത്സു. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ ഇസുസുവിന്റെ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാനപതി.

ദില്ലിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളും എസ് യു വികളും നിരോധിച്ചതിനെതിരായ ഹർജിയിൽ സുപ്രീംകോടതി ഈ മാസം മുപ്പതിനു വാദം കേൾക്കാനിരിക്കേയാണ് ജപ്പാൻ സ്ഥാനപതി പരസ്യ നിലപാടു വ്യക്തമാക്കിയത്. ജപ്പാൻ കമ്പനികളായ ടൊയോട്ട, ഹോണ്ട, സുസുക്കി തുടങ്ങിയ ദില്ലിയിൽ വിറ്റഴിച്ച കാറുകളിൽ ബഹുഭൂരിപക്ഷവും ഡീസലിലുള്ളതാണെന്നിരിക്കേ ജപ്പാൻ സ്ഥാനപതിയുടെ നിലപാട് നിർണായകമാണ്.

പെട്രോൾ കാറുകളേക്കാൾ ഇരുപതുശതമാനം ക്ഷമതയുള്ളതാണ് ഡീസൽകാറുകൾ. പുക പെട്രോൾ കാറുകളെ അപേക്ഷിച്ചു കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജപ്പാൻ കമ്പനികൾ വെല്ലുവിളി നേരിടുന്നുണ്ട്. – സ്ഥാനപതി പറഞ്ഞു. ഡീസൽ വാഹനങ്ങൾ പരിസ്ഥിതിക്കു ദോഷമാണെന്നു പറയുന്നതു വാസ്തവവിരുദ്ധമാണെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡെപ്യുട്ടി എംഡി ഹിതോഷി കോനോ പറഞ്ഞു. ഇരുപത്തഞ്ചു മുതൽ മുപ്പതുശതമാനം വരെ പെട്രോളിനേക്കാൾ ഇന്ധനക്ഷമത നൽകുന്നതാണ് ഡീസൽ കാറുകൾ. മാത്രമല്ല, പെട്രോൾ കാറുകളേക്കാൾ മുപ്പതുശതമാനം വരെ ബഹിർഗമനം കുറവുമായിരിക്കും. – അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here