വിഎസിനെതിരെ മാനനഷ്ടക്കേസുമായി ഉമ്മന്‍ചാണ്ടി; തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെന്ന് വിഎസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. ക്രിമിനല്‍ നിയമനടപടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വിഎസിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഉമ്മന്‍ചാണ്ടി പരാതി നല്‍കി.

ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കേസ് നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തന്റെ പ്രസംഗത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കേസുകള്‍ പ്രചരിക്കുന്നതില്‍ വിളറിപൂണ്ടാണ് നിയമനടപടി തുടങ്ങിയത്. മന്ത്രിമാരുടെ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാലാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കുന്നതെന്നും വിഎസ് പറഞ്ഞു.

മന്ത്രിമാരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ഇത് ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ്. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പ്രതിപക്ഷത്തിന്‍രെ പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യവും ഒളിച്ചോടലുമാണ് എന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

വിഎസ് നടത്തിയത് അസത്യ പ്രചരണമാണ് എന്നും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ നൂറിലധികം കേസുകള്‍ ഉണ്ടെന്നായിരുന്നു വിഎസിന്റെ പ്രസംഗം. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നും വിഎസ് പറഞ്ഞു. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തായിരുന്നു വിഎസ് ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരായ അഴിമതി കേസുകള്‍ പരാമര്‍ശിച്ചത്.

വിഎസിന്റെ ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ഇതിന് ശേഷവും ആരോപണത്തില്‍ വിഎസ് ഉറച്ചുനിന്നു. പാമോയില്‍, സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍ തുടങ്ങിയ അഴിമതി വിഷയങ്ങല്‍ വിഎസ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നിയമ നടപടി തുടങ്ങിയത്. അഴിമതിക്കേസുകളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News