പാമ്പുകൾക്കു ചൂട് സഹിക്കാതായാപ്പോൾ തിരക്കേറി കുമളിക്കാരുടെ വാവ സുരേഷ്; കാടുവിട്ടിറങ്ങിയ പാമ്പുകൾ വീടുകളിൽ ഇടം തേടിയ പാമ്പുകളെ പിടിച്ച് അബീഷ്

കുമളി: പാമ്പെന്നു കേട്ടാൽ ആദ്യം പേടിക്കുന്ന മലയാളി പിന്നാലെ വാവ സുരേഷിനെ ഓർക്കും. എവിടെ പാമ്പിനെക്കണ്ടാലും ഒരു വിളി മതി സുരേഷ് ഓടിയെത്തും. കുമളിക്കാരുടെ വാവ സുരേഷിനും തിക്കേറുകയാണ്. പാമ്പിനെ പിടിക്കാൻ ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂർ പോരെന്ന അവസ്ഥയായി ഈ യുവാവിന്.

ചൂടു മൂലം കാട്ടിൽ കഴിയാനാകാതെ പാമ്പുകൾ വീടുകളും പുരയിടങ്ങളും തേടിയെത്തിയതോടെയാണ് അബീഷിന് തിരക്കേറിയത്. അബീഷിന്റെ ഫോണിൽ ഇപ്പോൾ നിലയ്ക്കാത്ത വിളികളാണ്. ഓരോ വിളി കേട്ട് പാഞ്ഞെത്തുമ്പോൾ മുഖത്താകെ ഭീതി പടർന്നു നിൽക്കുന്ന ആളുകളെയാകും അബീഷ് കാണുക. അബീഷിനെ കാണുമ്പോഴാകട്ടെ അവരുടെ ഉള്ളിലെ ഭീതിയൊക്കെ പമ്പകടക്കും. പിന്നെ അബീഷ് വിദഗ്ധമായി പാമ്പിനെ മെരുക്കും. പിടിച്ചു ചാക്കിലാക്കും.

ഒരാഴ്ചയ്ക്കുള്ളിൽ അമ്പതിലധികം പാമ്പുകളെയാണ് കുമളിക്കാരുടെ വാവ സുരേഷ് പിടികൂടിയത്. വീടുകൾക്കുള്ളിലും പുരയിടത്തിലെ മാളങ്ങളിലുമാണ് ചൂടു മൂലം കാടുവിടുന്ന പാമ്പുകൾ അഭയം തേടുന്നത്. പിടികൂടിയ പാമ്പുകളെ പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുവിടുകയാണു ചെയ്യുക. തേക്കടി വനത്തിലെ മുല്ലക്കുടി ഭാഗത്താണ് പാമ്പുകളെ തുറന്നുവിടുന്നത്.കഴിഞ്ഞ ദിവസം അണക്കരയിൽ ലയൺസ് ക്ലബിന് കെട്ടിടം നിർമിക്കാൻ മണ്ണുമാറ്റുന്നതിനിടെ നാല് മൂർഖൻ പാമ്പുകളും 19 മുട്ടകളും കിട്ടി. പാമ്പുകൾ ഏഴടി നീളമുള്ളവയായിരുന്നു. മുട്ടകളിൽ നാലെണ്ണം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു.

വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡരുകിലെ വീട്ടിൽ നിന്നും രണ്ട് മൂർഖൻ പാമ്പുകളെയാണ് ഇന്നലെ പിടികൂടിയത്. വാളാർഡിയിൽ നിന്ന് തൊട്ടുപിന്നാലെ മറ്റൊന്നിനെക്കൂടി പിടികൂടി കാട്ടിലെത്തിച്ചു. രാജവെമ്പാല, മൂർഖൻ തുടങ്ങി വിഷമുള്ള പാമ്പുകളാണ് ഇപ്പോൾ കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്നവയിൽ അധികവും. വേനൽ അധികമാകുന്തോറും പാമ്പുഭീഷണിയും വർധിച്ചുവരികയാണ്.

ചില സ്ഥലങ്ങളിൽ മാളത്തിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ പിടികൂടാൻ വീട്ടുകാരുടെ സഹായവും ലഭിക്കാറുണ്ടെന്ന് അബീഷ് പറയുന്നു. മാളത്തിലൊളിച്ച പാമ്പിനെ പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം വേണം. പാമ്പിനു പരുക്കേറ്റാൽ അക്രമസ്വഭാവം കാട്ടുന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് ഒരോ പാമ്പിനെയും ചാക്കിലാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News