‘മനോരമേ, എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്?’ സ്വരാജിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത വിഎസിന്റെ ചിത്രം വളച്ചൊടിച്ച മനോരമയെയും ഫൊട്ടാഗ്രാഫറെയും പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ചിത്രം വളച്ചൊടിച്ച മലയാള മനോരമയെയും ഫൊട്ടാഗ്രാഫറെയും പൊളിച്ചടുക്കി സോഷ്യല്‍മീഡിയ.

യോഗത്തില്‍ പങ്കെടുത്ത് സ്വരാജിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച വിഎസ് വേദിയില്‍ സ്വരാജിനോട് സംസാരിച്ചില്ലെന്നായിരുന്നു മനോരമയുടെ വാര്‍ത്ത. വിഎസ് സ്വരാജിനെ തീരെ ശ്രദ്ധിക്കാത ഇരിക്കുന്ന ചിത്രമാണ് ഈ വാര്‍ത്തക്കൊപ്പം അടിച്ചു വന്നത്. എന്നാല്‍ ഈ ഫോട്ടോയെയും വാര്‍ത്തയെയും പൊളിച്ചെടുക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ‘മാധ്യമം’ ദിനപത്രത്തില്‍ വന്ന ഇതേ പരിപാടിയുടെ ചിത്രം ഉപയോഗിച്ചാണ് മനോരമയുടെ വളച്ചൊടിക്കല്‍ സോഷ്യല്‍മീഡിയ പൊളിച്ചടുക്കിയത്.

മാധ്യമത്തില്‍ വന്ന ചിത്രം വിഎസും സ്വരാജും അടുത്തിരുന്ന് കുശലം പറയുന്നതാണ്. ഇരുവരുടേയും പിറകില്‍ നിന്നാണ് മാധ്യമത്തിന്റെ ഫൊട്ടാഗ്രാഫര്‍ ഈ ചിത്രം എടുത്തിരുന്നത്. ഇതേ ഫോട്ടോയില്‍, എതിര്‍ വശത്തു നിന്നും ഇതേ നിമിഷങ്ങള്‍ പകര്‍ത്തുന്ന ഫൊട്ടാഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ മനോരമയുടെ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് വിനോദിന്റെ മുഖവും പതിഞ്ഞിട്ടുണ്ട്. വിഎസും സ്വരാജും കുശലം പറയുന്ന ചിത്രം മനോരമ എടുത്തിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

മനോരമയുടെ വാര്‍ത്തയ്ക്കും ചിത്രത്തിനുമെതിരെ സ്വരാജും രംഗത്തെത്തി.

‘ഒരു പത്രത്തിലെ തിരഞ്ഞെടുപ്പ് ‘കഥ’ ഇന്നലെ രാത്രി വൈകിയാണ് വായിച്ചത്. എന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ: വി.എസ് വന്നത് സംബന്ധിച്ചാണ് വാര്‍ത്താ രൂപത്തിലുള്ള കഥ. ആകാവുന്നത്ര ക്ലേശിച്ച് അത്യധ്വാനം ചെയ്താണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ഒരു പൈങ്കിളിക്കഥ എഴുതിയ പത്രപ്രവര്‍ത്തക സുഹൃത്തിന് നമോവാകം..!

വാര്‍ത്താ രൂപത്തില്‍ കഥയെഴുതാനുള്ള പ്രചോദനം ചിലരുടെ കടുത്ത നിരാശയും , പരിഭ്രമവുമാണെന്നറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല. നിരാശാഭരിതരായ സുഹൃത്തുക്കള്‍ ആദ്യം പ്രചരിപ്പിച്ചത് സ്വരാജിന്റെ പ്രചരണത്തിന് വി.എസ് വരില്ല എന്നായിരുന്നു. വി.എസ് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവസാന നിമിഷം വി എസ് പിന്‍മാറുമെന്ന് പ്രചരണം നടത്തി. വി.എസ് വളരെ നേരത്തെ തന്നെ തൃപ്പൂണിത്തുറയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുതിയ പ്രചരണമാരംഭിച്ചു. വി എസ് പ്രസംഗിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥായുടെ പേര് പറയില്ലെന്നായിരുന്നു അത്. എന്നാല്‍ പ്രസംഗത്തിനിടയില്‍പല തവണ അദ്ദേഹം എന്റെ പേരു പറയുകയുമുണ്ടായി.

എല്ലാ പ്രതീക്ഷയും പൊളിഞ്ഞപ്പോഴാണ് നിരാശാഭരിതര്‍ മാധ്യമ സുഹൃത്തിനെക്കൊണ്ട് കഥയെഴുതിച്ചത് വേദിയില്‍ വെച്ച് വിഎസ് എന്നോട് രണ്ടു മൂന്ന് വാക്കേ മിണ്ടിയുള്ളൂവത്രെ ..! അതേതായാലും കലക്കി .സാധാരണ സ്റ്റേജില്‍ അടുത്തടുത്ത് ഇരിക്കുമ്പോള്‍ നൂറു വാക്കില്‍ കുറയാതെ ഉപന്യസിക്കണമെന്നാണല്ലോ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയുണ്ടാവാത്ത സ്ഥിതിക്ക് ‘കൂട്ട് കുറച്ചു ‘ എന്നു പറയാം.

എന്റെ പ്രസംഗം കഴിഞ്ഞയുടനേ വി.എസ് വേദി വിട്ടെന്നും കഥയില്‍ പറയുന്നുണ്ട്. അത് കലക്കിയെന്ന് മാത്രമല്ല കലക്കി കടുകു വറുത്തു..! പ്രിയ കഥാകാരാ , എന്റെ പ്രസംഗം കഴിഞ്ഞയുടനേ വി.എസ് വേദി വിടുന്നതു മാത്രമാണോ അങ്ങ് തൃക്കണ്‍പാര്‍ത്തത്? . എന്റെ പ്രസം കഴിഞ്ഞതോടെ യോഗം അവസാനിച്ചുവെന്നത് കഥാകൃത്ത് അറിഞ്ഞില്ലെന്നുണ്ടോ .. ഞാനുള്‍പ്പെടെ വേദിയിലുള്ള മുഴുവന്‍ പേരും അപ്പോള്‍ തന്നെ വേദി വിട്ടിറങ്ങിയതാണ്. യോഗം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെയവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ. അതില്‍ വി.എസ് വേദി വിട്ടു എന്ന് മാത്രം എടുത്ത് പറയുന്നതിന്റെ പൊരുളെന്താണ്?. ഞാന്‍ പ്രസംഗിക്കുന്നതിനിടയില്‍ തിരക്കു കൊണ്ടാണെങ്കില്‍ പോലും വി.എസ്.വേദി വിട്ടിരുന്നെങ്കില്‍ കഥാകൃത്തുക്കള്‍ക്ക് എന്തും എഴുതാമായിരുന്നു. എന്നാല്‍ ഞാന്‍ പ്രസംഗം അവസാനിപ്പിച്ച് ഇരുന്ന ശേഷം യോഗം അവസാനിക്കുമ്പോള്‍ എല്ലാവരോടുമൊപ്പം വി.എസ് വേദി വിട്ടതിനെ വാര്‍ത്തയാക്കിയ മഹാശയന് അവാര്‍ഡ് കൊടുക്കണം. ഇനി പരിപാടി കഴിഞ്ഞാലും വി.എസ് വേദി വിടില്ലെന്നും പന്തലും കസേരയും ഒക്കെ ലോറിയില്‍ കേറ്റാന്‍ വി.എസ് നേതൃത്വം കൊടുക്കുമെന്നും കഥാകൃത്തും സംഘവും ധരിച്ചിരുന്നോ അവോ …

വി.എസ് ഗൗരവത്തിലിരിക്കുന്ന ഒരു ചിത്രവും വെച്ചു കാച്ചിയിട്ടുണ്ട്. ഒരു ക്ലിക്കില്‍ നൂറ് ചിത്രം പതിയുന്ന ക്യാമറകള്‍ ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ പോലും കയ്യിലുണ്ടെന്ന് ആരെങ്കിലും ഇക്കൂട്ടരോടു് പറഞ്ഞാല്‍ നന്നായിരുന്നു. ഞാന്‍ സ: വി എസിന്റെ സമീപത്തെത്തിയപ്പോള്‍ വി എസ് എന്റെ മുഖത്തേക്ക് നോക്കുന്നതിന് തൊട്ടു മുന്‍പുള്ള ഒരു മൈക്രോ സെക്കന്റിലെ ചിത്രമാണ് പത്രത്തിലുള്ളത്. എന്നാല്‍ തൊട്ടടുത്ത നിമിഷങ്ങളിലെ ചിത്രങ്ങളാണ് പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത്. ഇക്കാലത്ത് ഇഷ്ടപ്പെട്ട ദൃശ്യങ്ങള്‍ ഇങ്ങനെ സൂക്ഷ്മ ചലനങ്ങളുടെ ചിത്രം പകര്‍ത്തിക്കൊണ്ട് അനായാസം സൃഷ്ടിക്കാനാവുമെന്ന് എല്ലാവര്‍ക്കുമറിയാം. മുന്‍പ് കരുണാനിധിയുടെ അറസ്റ്റ് ഒരേ സമയം ജയാ ടിവിയില്‍ സമാധാനപരമായും സണ്‍ ടിവിയില്‍ ബലപ്രയോഗത്തീലൂടെയും കണ്ടവരാണ് നമ്മള്‍. കാമറ കള്ളം പറയില്ല എന്നു പറയാറുണ്ട് .അത് ശരിയായിരിക്കാം എന്നാല്‍ കാമറയെക്കൊണ്ടും കള്ളം പറയിപ്പിക്കുന്ന ‘പെരും സത്യസന്ധര്‍’ ധാരാളമുള്ള നാടാണിതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

എന്റെ ചോര കുടിക്കാന്‍ ദാഹിച്ചു നടക്കുന്ന മാന്യ മിത്രങ്ങള്‍ ഏറെക്കാലമായി പ്രചരിപ്പിക്കുന്ന ‘വി എസ് കഥകള്‍’ ഇപ്പോള്‍ ഏശാത്തതും ചിലരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇത്തരം കഥകളെക്കുറിച്ച് വി എസ് തന്നെപറഞ്ഞത് ”എതിരാളികളുടെ നെറികെട്ട കുപ്രചരണം ” എന്നായിരുന്നു. ഉടനേ പ്രമുഖ ചാനലിന്റെ ലേഖകന്‍ നെഞ്ചു പൊട്ടുന്ന വേദനയോടെ ചോദിച്ചു. ”അപ്പോള്‍ എം. സ്വരാജുമായി വി.എസിന് പ്രശ്‌നമൊന്നുമില്ലേ ” ?. വി. എസ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ”യാതൊരു പ്രശ്‌നവുമില്ല … യാതൊരു പ്രശ്‌നവുമില്ല”. തങ്ങള്‍ ഏറെക്കാലമായി കെട്ടിപ്പൊക്കിയ നുണയുടെ കോട്ട പൊളിഞ്ഞ മനോവേദനയും ജാള്യതയും തീര്‍ക്കാന്‍ പുതിയ കഥാ രചനയ്ക്കിറങ്ങിയ സ്‌നേഹിതാ ഇത്തരം വാര്‍ത്താ രൂപത്തിലുള്ള കഥകളുമായി ഈ വഴി ഇനിയും വരണേ. ..

രമേശ് ചെന്നിത്തല ഹൈക്കമാന്റിനയച്ച കത്ത് പ്രസംഗത്തിനിടെ വി.എസ് വായിച്ചത് കഥയെഴുതിയ സുഹൃത്തിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു. കത്തെന്ന പേരില്‍ വി എസ് എന്തോ വായിച്ചു എന്ന മട്ടിലാണ് എഴുത്ത്. രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഭരണത്തെക്കുറിച്ച് ഹൈക്കമാന്റിന് കത്തയച്ചതൊന്നും ഇദ്ദേഹം അറിഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു. പാവം നിഷ്‌കളങ്കന്‍..!

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിക്കുന്ന ആരോപണങ്ങള്‍ മാത്രമേ പറഞ്ഞുള്ളൂവത്രെ!!.. മന്ത്രിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് പത്തുകോടി രൂപാ കോഴ വാങ്ങിയത് വ്യക്തമായി പറഞ്ഞ വി.എസ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തി മാറ്റി ‘കോഴ കൈപ്പറ്റി’ എന്നാക്കണമെന്ന് പറഞ്ഞത് നമ്മുടെ കഥയെഴുത്ത് ദേഹം കേട്ടില്ല !. പുതിയ ആരോപണമൊന്നും ഉന്നയിച്ചില്ലെന്നാണെങ്കില്‍ അത് ശരിയാണ്.പത്തുകോടി കോഴ വാങ്ങിയതേ പറഞ്ഞിട്ടുള്ളൂ. തേങ്ങാ മോഷ്ടിച്ചു, കോഴിയെ കട്ടു എന്നൊന്നും വി.എസ് പറഞ്ഞില്ല. ക്ഷമിക്കണം.

ഇത് വേനല്‍ക്കാലമെന്ന പോലെ പെയ്ഡ് ന്യൂസിന്റെ കൂടി കാലമാണല്ലോ . ബാര്‍ കോഴയുടെ പങ്കിന്റെ ഗന്ധമുള്ള വാക്കുകളുമായി ‘വാര്‍ത്താ കഥയെഴുത്തുകള്‍’ നമുക്കിനിയും പ്രതീക്ഷിക്കാം. ‘കൈപ്പറ്റുന്ന’തിനനുസരിച്ച് കഥകളില്‍ ഭാവനാ സമ്പന്നതയുടെ വേലിയേറ്റവും പ്രതീക്ഷിക്കാം.’  – സ്വരാജ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News