ചൂടുപിടിച്ച കാലുകളോടെ ഓടുമ്പോഴും പ്രതീക്ഷാനിർഭരമായ പുലരി സ്വപ്‌നം കാണുന്ന പെൺജീവിതങ്ങൾ; സ്ത്രീക്കു നഷ്ടപ്പെടുന്ന സാമൂഹിക ഇടങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്ന മസ്താങ്ങ്

friday-reviewതൊരു സമൂഹത്തിന്റെയും പൊതുവായ സ്വാതന്ത്ര്യത്തിന്റെ തോത് ആ സമൂഹത്തിലെ സ്ത്രീകളുടെ പദവിയിൽനിന്നു കണ്ടെത്താനാകുമെന്നു മാർക്‌സ് പ്രസ്താവിക്കുന്നുണ്ട്. ഒരു സ്ഥാപനമെന്ന നിലയിൽ കുടുംബത്തെയും ഈ പൊതു സ്വാതന്ത്ര്യത്തിൽനിന്നു മാറ്റിനിർത്താൻ സാധിക്കില്ല. വിവാഹം, ദാമ്പത്യം തുടങ്ങീ നൈയാ മികവും ക്രമീകൃതവുമായ ആൺ-പെൺ ബന്ധത്തിലൂടെയാണ് കുടുംബം രൂപീകരിക്കപ്പെടുന്നത്. പുരുഷാധികാരത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങളായ മതവും ഭരണകൂടവും കുടുംബത്തെ ഒരു അധികാരരൂപമായി മാറ്റിത്തീർക്കുന്നു.

തികച്ചും വ്യക്തിപരമായ ലൈംഗികത, സദാചാരം, വൈകാരിക ബന്ധം ഇവയൊക്കെ സാമൂഹ്യവൽകരിക്കുന്നതിലൂടെയാണ് കുടുംബം നിലനിൽക്കുന്നത്. പുരുഷാധികാരത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായ കുടുംബത്തിനുളളിലെ സ്ത്രീയുടെ ജീവിതാവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ടർക്കിഷ് സിനിമയാണ് 2015-ൽ പുറത്തിറങ്ങിയ മസ്താങ്ങ്. തുർക്കി വംശജയായ ഫ്രഞ്ച് സംവിധായിക ഡെനിസ് ഗാം സെ എർഗുവാൻ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്.

സ്ത്രീകളുടെ ആഗ്രഹങ്ങളെയും മോഹങ്ങളെയും നിയന്ത്രിച്ചുകൊണ്ടു ഭദ്രതയും പരിപാവനതയും കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരോട് ഭാവനാപൂർണമായി പ്രതിരോധിക്കുന്ന അഞ്ചു പെൺകുട്ടികളുടെ ജീവിതമാണ് ഈ സിനിമ. ഇസ്ബുളളിൽനിന്ന് ആയിരം കിലോമീറ്റർ അകലെ വടക്കൻ തുർക്കിയിൽ കരിങ്കടലിനോടു ചേർന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് സിനിമയുടെ ഭൂമിശാസ്ത്ര പരിസരം. മുത്തശ്ശിയുടെയും പിതൃസഹോദരന്റെയും സംരക്ഷണയിൽ കഴിയുന്ന അഞ്ച് അനാഥ പെൺകുട്ടികളാണു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

വിദ്യാലയ വർഷാന്ത്യത്തിന്റെ തലേന്നാൾ സ്‌കൂൾ വിട്ടു വരുന്ന കൗമാരക്കാരികളായ അഞ്ചു സഹോദരിമാർ സഹപാഠികളായ ആൺകുട്ടിക്കൊപ്പം കടലിൽ ഇറങ്ങി കളിക്കുന്നു. ആൺകുട്ടികളുടെ ചുമലിൽ കയറിയിരുന്നാണ് അവർ ആ കളിയിലേർപ്പെടുന്നത്. കടലിനടുത്തുളള തോട്ടത്തിൽനിന്ന് അവർ ആപ്പിൾ മോഷ്ടിച്ചു ഭക്ഷിക്കുന്നു. പെൺകുട്ടികളുടെ ഈ വിനോദം നാട്ടിൽ ലൈംഗിക അപവാദമായി പ്രചരിക്കുന്നു. അതോടെ അവരുടെ ജീവിതം മാറി മറിയുകയാണ്. കന്യകാത്വ പരിശോധന നടത്തുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്യുന്നു.

തുടർന്ന് ആ പെൺജീവിതങ്ങളെ ‘വഴിപിഴപ്പിക്കുന്ന’ എല്ലാ സൗകര്യങ്ങളും അവർക്ക് നിഷേധിക്കുന്നു. വിദ്യാഭ്യാസം, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇറുകിയ വസ്ത്രങ്ങൾ, മേയ്ക്കപ്പ് ഒക്കെയും അവരുടെ ജീവിതത്തിൽനിന്ന് എടുത്തു മാറ്റപ്പെടുകയാണ്. മധ്യവയസ്‌കരായ കുറച്ചു സ്ത്രീകൾ വന്ന് അവരെ വീട്ടുജോലികളും പാചകവും അഭ്യസിപ്പിക്കുന്നു. ഗാർഹിക പരിശീലനത്തിന്റെ കാലത്ത് ഇളയകുട്ടി പറയുന്നത് ‘ഇതാ ഞങ്ങളുടെ വീടൊരു വധുനിർമ്മാണ ഫാക്ടറിയായിരിക്കുന്നു’ എന്നാണ്.

വിരസമായ ഈ തടങ്കൽ ജീവിതത്തിനിടയിൽ ഒരു ദിവസം അവർ മതിലു ചാടി ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നു. ഇതു ചിത്രത്തിലെ മനോഹരമായ ദൃശ്യാനുഭവം ആണ്. കുട്ടികൾ ഫുട്‌ബോൾ മത്സരം വീക്ഷിക്കുന്നതും മൈതാനത്തു വിനോദ പ്രവർത്തനങ്ങളിലായിരിക്കുന്നതും മുത്തശ്ശി ടെലിവിഷനിലൂടെ കാണുന്നു. അതോടെ വീട്ടുതടങ്കൽ കൂടുതൽ ശക്തമാക്കുകയാണ്.
മതിലുകളും ഗേറ്റുകളും നിർമ്മിക്കുന്നു. ജനാലകൾക്കെല്ലാം ഗ്രിൽ ഇടുന്നു. ഒരു ജയിലിനു തുല്യമായ ചീത്രീകരണം ഇവിടെ നല്ലൊരു ദൃശ്യവിരുന്നാണ്.

ഇതിനിടയിൽ മൂത്ത രണ്ടു സഹോദരിമാർ വിവാഹിതരാവുന്നു. അമ്മാവന്റെ പീഡനത്തിനിരയായ മൂന്നാമത്തെ സഹോദരി ആത്മഹത്യ ചെയ്യുന്നു. തുടർന്ന് ഇളയ രണ്ടു സഹോദരിമാരുടെ കഥയായാണു സിനിമ പുരോഗമിക്കുന്നത്. ജയിലിനു സമാനമായ ആ വീട്ടിൽനിന്ന് എങ്ങനെയും രക്ഷപ്പെടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വിദൂരനഗരമായ ഇസ്താംബുളളിൽ താമസിക്കുന്ന അവരുടെ പഴയ ഒരു ടീച്ചറിന്റെ അടുത്തേക്കു പോകാൻ വേണ്ടി വീടു വിട്ടിറങ്ങുന്നു. നീണ്ട യാത്രയ്ക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ടീച്ചറിനെ കണ്ടെത്തുന്നതോടെ പ്രതീക്ഷാനിർഭരമായി ചിത്രം അവസാനിക്കുന്നു.

പെൺലൈംഗികതയെ സംബന്ധിച്ച പുരുഷാധികാര യുക്തികളെ സിനിമ തീവ്രമായി അവതരിപ്പിക്കുന്നുണ്ട്. ആൺ സുഹൃത്തുകൾക്കൊപ്പം വിനോദത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ കന്യകാത്വ പരിശോധന നടത്തുന്നതും മൂത്ത സഹോദരിയെ വിവാഹശേഷം ഒരു പുരുഷ ഡോക്ടറാൽ കന്യകാത്വ പരിശോധന നടത്തുന്നതുമൊക്കെ കന്യാകാത്വത്തെക്കുറിച്ചുള്ള വ്യവസ്ഥയുടെ ആധികളെ കാഴ്ചക്കാരുമായി പങ്കുവയ്ക്കുന്നു. ഗാർഹിക പരിശീലനത്തിനു വന്ന സ്ത്രീകൾ പെൺകുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല എന്നതും തലയിണക്കടിയിൽ ഒരു സെക്‌സ് പുസ്തകം വച്ചു കൊടുത്താണ് ഉത്തരവാദിത്തം നിർവഹിക്കുന്നത് എന്നതും ലൈംഗികതയെ സംബന്ധിച്ച കാപട്യങ്ങളെ തുറന്നുകാട്ടുന്നു.

കുടുംബ കേന്ദ്രീകൃതമായ വ്യക്തി ജീവിതത്തെ മഹത്വവത്കരിക്കുന്ന പുരുഷലോകത്തിൽ സ്ത്രീക്കു നഷ്ടപ്പെടുന്ന സാമൂഹ്യ ഇടങ്ങളെക്കുറിച്ച് ചിന്തിക്കാൻ മസ്താങ്ങ് കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു. ഒപ്പം ചൂടു പിടിച്ച കാലുകളോടെ ഓടുമ്പോഴും പ്രതീക്ഷാനിർഭരമായ ഒരു പുലരി സ്വപ്നം കണ്ട് നിറമിഴികളോടെയെങ്കിലും ചിരിച്ചു ജീവിക്കുന്നു പെൺജീവിതങ്ങളെക്കുറിച്ചുളള ഒരു അടയാള രേഖയുമായി ഈ ചിത്രം മാറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here