നിയമവിരുദ്ധമായി രണ്ട് പാന്‍കാര്‍ഡ്; പൂര്‍ത്തിയാക്കാത്ത വിദ്യാഭ്യാസ യോഗ്യതയില്‍ വൈരുദ്ധ്യം; ഭൂമി വിലയില്‍ ഗുരുതര വ്യത്യാസം; സത്യവാങ്മൂലത്തില്‍ കുടുങ്ങി അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജി

കണ്ണൂര്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജി കൈവശം വച്ചിരിക്കുന്നത് വ്യത്യസ്ത നമ്പറിലുള്ള രണ്ട് പാന്‍ കാര്‍ഡ്. സത്യവാങ്മൂലത്തില്‍ ഒരിടത്ത് കാണിച്ച വിദ്യാഭ്യാസ യോഗ്യത പൂര്‍ത്തിയാക്കാത്ത ബിബിഎ. മറ്റൊരു സത്യവാങ്മൂലത്തില്‍ പൂര്‍ത്തിയാക്കാത്ത ബിബിഎമ്മും. തീര്‍ന്നില്ല, 2011ല്‍ മതിപ്പ് വില രേഖപ്പെടുത്തിയ രണ്ടിടത്തെ ഭൂമിയുടെ വിലയിലും 2016ല്‍ വലിയ കുറവുവന്നു. അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ സത്യവാങ്മൂലത്തിലാണ് നിയമവിരുദ്ധതയും പൊരുത്തക്കേടുകളും മുഴച്ചുനില്‍ക്കുന്നത്.

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ആദായ നികുതി വകുപ്പ് നല്‍കുന്ന ആധികാരിക നമ്പറാണ് പാന്‍ കാര്‍ഡ്. ഇത് ഒരു വ്യക്തിക്ക് ഒരെണ്ണമേ അനുവദിക്കൂ. എന്നാല്‍ കെഎം ഷാജിയുടെ പേരിലുള്ളത് രണ്ട് പാന്‍ കാര്‍ഡുകളാണ്. EDWPK6273A എന്ന നമ്പറിലുള്ള പാന്‍ നമ്പറാണ് കെഎം ഷാജി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന APQPK1630A എന്ന നമ്പറിലുള്ള രണ്ടാമത്തെ പാന്‍ കാര്‍ഡിന്റെ വിവരം കെഎം ഷാജി മറച്ചുവച്ചു. എന്നാല്‍ സൂക്ഷ്മപരിശോധനാ സമയത്ത് എല്‍ഡിഎഫ് നേതാക്കള്‍ ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രേഖകള്‍ സഹിതമാണ് ഇടതു നേതാക്കള്‍ പരാതി ഉന്നയിച്ചത്. ഇരട്ട പാന്‍കാര്‍ഡ് കൈവശം വച്ചത് ഗുരുതര ക്രിമിനല്‍ കുറ്റമായതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

KM-Shaji-PAN

തന്റെ ഒന്നാമത്തെ പാന്‍കാര്‍ഡ് കാന്‍സല്‍ ചെയ്തു എന്നായിരുന്നു കെഎം ഷാജിയുടെ വാദം. ഇതു തെറ്റാണെും പത്രിക തളളണമെന്നുമുളള വാദത്തില്‍ എല്‍ഡിഎഫ് ഉറച്ചുനിന്നു. ഇതേ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാനും കൂടുതല്‍ വാദത്തിനുമായി സൂക്ഷ്മപരിശോധന മാറ്റി വച്ചു. ഉച്ചക്കു ശേഷം ഇടതുനേതാക്കള്‍ കെഎം ഷാജിയുടെ രണ്ട് പാന്‍കാര്‍ഡുകളും നിലവിലുളളതിന്റെ കൂടുതല്‍ തെളിവുകളും ഹാജരാക്കി. എന്നാല്‍ ഷാജിക്ക് ഒരു രേഖകളും ഹാജരാക്കാനായില്ല. ഒരു പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാലും അതേ നമ്പറില്‍ മാത്രമേ ഒരാള്‍ക്ക് പാന്‍കാര്‍ഡ് അനുവദിക്കൂ എന്ന് തെളിയിക്കുന്ന രേഖകളും വരണാധികാരി മുന്‍പാകെ ഇടതുപക്ഷം സമര്‍പ്പിച്ചു. രണ്ട് കാര്‍ഡുകളും രണ്ട് അഡ്രസ്സുകളിലാണ് ഷാജി സംഘടിപ്പിച്ചതെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. ഒടുവില്‍ ഇടതു നേതാക്കള്‍ സമര്‍പ്പിച്ച രേഖകള്‍ റിട്ടേണിംഗ് ഓഫീസര്‍ ഫയലില്‍ സ്വീകരിച്ചു.

പത്രികയിലെ വിദ്യാഭ്യാസ യോഗ്യതയിലും പരസ്പര വിരുദ്ധമായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. ഒരിടത്ത് ബിബിഎ (നോട്ട് കംപ്ലീറ്റഡ്) എ്‌നനാണ് രേഖപ്പെടുത്തിയത്. മറ്റൊരു സത്യവാങ്മൂലത്തില്‍ ബിബിഎം (നോട്ട് കംപ്ലീറ്റഡ്) എന്നാണ് രേഖപ്പെടുത്തിയത്. വിജയകരമായി പൂര്‍ത്തിയാക്കുന്നതാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ വിജയിക്കാത്ത കോഴ്‌സും വിദ്യാഭ്യാസ യോഗ്യതയായി കെഎം ഷാജി രേഖപ്പെടുത്തി. അതിലും ബിബിഎ എന്നും ബിബിഎം എന്നും വൈരുദ്ധ്യത്തോടെയാണ് രേഖപ്പെടുത്തിയത്. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള കെഎം ഷാജി ബിരുദം അവകാശപ്പെട്ടാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇതും എല്‍ഡിഎഫ് തടസവാദമായി ഉന്നയിച്ചു.

കെഎം ഷാജിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളിലും ഗുരുതരമായ പൊരുത്തക്കേടുണ്ട്. വയനായ് വൈത്തിരി താലൂക്കില്‍ മൂപ്പനാട് 3.73 ഏക്കര്‍ ഭൂമി 5,85,000 രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു 2011ലെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത്തവണ അതേ ഭൂമിയുടെ വാങ്ങിയ വില 4,10,000 രൂപ എന്നാണ് രേഖപ്പെടുത്തിയത്. 2011ലെ സത്യവാങ്മൂലത്തില്‍ കണിയാമ്പറ്റയില്‍ ഷാജിക്കുളള രണ്ട് വസ്തുക്കള്‍ക്ക് മതിപ്പു വില 26 ലക്ഷം രൂപയായിരുന്നു. ഇത്തവണയാവട്ടെ അതേ വസ്തുക്കള്‍ക്ക് മതിപ്പു വില കേവലം 3 ലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. രേഖകളിലെ വൈരുദ്ധ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുതിനു തുല്യമാണെ് ഇടതുമുണി നേതാക്കള്‍ വാദിച്ചു.

കെഎം ഷാജിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ രേഖകള്‍ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും അയോഗ്യനാക്കണമെന്ന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. രണ്ട് പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിയമവിരുദ്ധ നടപടികള്‍ക്കാണ് പലരും വ്യാജ പാന്‍കാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് അഴീക്കോട് മണ്ഢലം കമ്മറ്റി കവീനര്‍ എം പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here