• Today is: Wednesday, March 29, 2017

ഏറ്റവും വലിയ നാലാമത്തെ കപ്പല്‍ കൊച്ചിയില്‍; ‘ഒവേഷന്‍ ഓഫ് ദി സീസ്’ അത്ഭുതകാഴ്ചകള്‍ കാണാം

Ovation-of-the-Seas

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കപ്പലായ ഒവേഷന്‍ ഓഫ് ദി സീസ് കൊച്ചിയില്‍. റോയല്‍ കരീബിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാണ്ടം ഓഫ് ദ സീസിനും, ആന്തം ഓഫ് ദ സീസിനും സമാനമായ കപ്പലാണ് ഒവേഷന്‍ ഓഫ് ദ സീസും. വലുപ്പത്തില്‍ മുന്‍നിര കപ്പലുകളോട് കിടപിടിക്കുന്ന ഒവേഷന്‍ ഓഫ് ദ സീസ് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത ഉപയോഗിച്ചിട്ടുള്ളതും അത്യാധുനിക സൗകര്യങ്ങളുമുള്ള കപ്പലാണ്.

 

 

2013 സെപ്തംബറില്‍ ജര്‍മനിയിലാണ് കപ്പലിന്റെ നിര്‍മാണം തുടങ്ങിയത്. ഈ മാസം ഏപ്രില്‍ എട്ടിന് കപ്പല്‍ യാത്രക്കായി പൂര്‍ണ സജ്ജമായി. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലായി 52 ദിവസത്തെ ഇടവേളയില്ലാത്ത യാത്രയാണ് കപ്പല്‍ നടത്തുന്നത്. 190 പേര്‍ രണ്ടു മാസത്തിലേറെ നീണ്ട യാത്രയില്‍ സ്ഥിരം യാത്രക്കാരായുണ്ട്. 4182 പേരെ കപ്പലിന് ഉള്‍ക്കൊള്ളാനാവും. ജൂണ്‍ 24ന് ചൈനയിലെ തിയാന്‍ജിന്‍ തുറമുഖത്താണ് ഒവേഷന്‍ ഓഫ് സീസിന്റെ പ്രഥമ പര്യടനം അവസാനിക്കുക. 18 നിലകള്‍, 2091 മുറികള്‍ ഇതിനുണ്ട്. 1,68,666 ടണ്‍ ആണ് ഭാരം.

 

 

മറ്റൊരു കപ്പലിലും കാണാത്ത വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളും സൗകര്യങ്ങളുമാണ് കപ്പലിലുള്ളത്. ഒരു ടൗണ്‍ഷിപ്പിന് വേണ്ടതിലുമപ്പുറം സൗകര്യങ്ങളൊരുക്കിയാണ് കപ്പല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സഞ്ചാരികള്‍ക്ക് കടല്‍നിരപ്പില്‍ നിന്ന് 92 മീറ്റര്‍ ഉയരത്തിലിരുന്ന് കാഴ്ചകള്‍ കാണാവുന്ന തരത്തില്‍ കപ്പലിനു മുകളില്‍ ചുറ്റും തിരിയുന്ന വിധം സ്ഥാപിച്ചിട്ടുള്ള നോര്‍ത്ത് സ്റ്റാര്‍ ഒബ്‌സര്‍വേഷന്‍ ക്യാപ്‌സൂള്‍ എന്ന സംവിധാനമാണ് കപ്പലിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

 

 

വായുവിലൂടെ പറക്കുന്നതിനുള്ള അത്യാധുനിക സ്‌കൈ ഡൈവിംഗ് സിമുലേറ്ററുള്ള ലോകത്തിലെ രണ്ടാമത്തെ കപ്പലും ഒവേഷന്‍ ഓഫ് ദ സീസ് തന്നെ. ഫ്‌ളോറൈഡര്‍ സര്‍ഫ് സിമുലേറ്റര്‍, പല വിധത്തിലുള്ള നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, ഐസ് സ്‌കേറ്റിങ്, റോളര്‍ സ്‌കേറ്റിങ് സൗകര്യങ്ങള്‍, വോളിബോള്‍, ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടുകള്‍, കടല്‍ക്കാഴ്ചകള്‍ കാണാന്‍ പ്രത്യേക ലോഞ്ചുകള്‍, ലൈവ് സ്‌ക്രീന്‍, മ്യൂസിക് ഹാള്‍, ഡാന്‍സിങ് ഫ്‌ളോര്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവക്ക് പുറമേ സിനിമകള്‍ കാണാന്‍ നിരവധി തിയേറ്ററുകളും കപ്പലിനകത്തുണ്ട്.

 

 

പൂള്‍ സൈഡ് മൂവി സ്‌ക്രീനാണ് മറ്റൊരു സവിശേഷത. ഏറ്റവും പുതിയ സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന റെസ്‌റ്റോറന്റിനു പുറമേ 15 ബാറുകള്‍, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, ആത്യാധുനിക ആസ്പത്രി എന്നിവയുമുണ്ട്. പതിനെട്ടോളം ലോകോത്തര റെസ്‌റ്റോറന്റുകളും കപ്പലിനകത്തുണ്ട്. ലോകത്തിന്റെ ഏതു കോണിലുമുള്ള ഭക്ഷണ വൈവിധ്യവും ഈ റെസ്റ്റോറന്റുകളില്‍ നിന്ന് ലഭിക്കും. കുട്ടികള്‍ക്ക് കളിക്കാന്‍ ആധുനിക സംവിധാനങ്ങളും പാറക്കൂട്ടത്തില്‍ കയറുന്ന പ്രതീതി ഉളവാക്കുന്ന റോക്ക് ക്ലൈമ്പിങ് വാളും കപ്പലിനു മുകളിലായി ഒരുക്കിയിട്ടുണ്ട്. ബംപര്‍ കാര്‍സ്, സര്‍ക്കസ് സ്‌കൂള്‍ എന്നീ സൗകര്യങ്ങളോടു കൂടിയ സീപ്ലെക്‌സ് ഇന്‍ഡോറാണ് മറ്റൊരു പ്രധാന പ്രത്യേകത.

 

 

 

 

എഴുത്തിനും ഫോട്ടോയ്ക്കും കടപ്പാട്: Ashraf Thaivalappu


{}
{}