• Today is: Tuesday, January 24, 2017
SBI Buddy

ആ നരഭോജി ആര്; തിരിച്ചറിയല്‍ പരേഡിന് ‘കസ്റ്റഡി’യില്‍ എടുത്തത് 18 സിംഹങ്ങളെ; പിടിക്കപ്പെട്ടാല്‍ ശിക്ഷ ജീവപര്യന്തം

Asiatic-Lions

ഗിര്‍വനം: മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജി സിംഹത്തെ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഗുജറാത് വനം വകുപ്പ്. തിരിച്ചറിയല്‍ പരേഡിനായി 18 ആണ്‍ സിംഹങ്ങളെയാണ് ഇതുവരെ ‘കസ്റ്റഡി’യില്‍ എടുത്തത്. പൊലീസിന്റെ സഹായത്തോടെയാണ് ഗുജറാത് വനംവകുപ്പിന്റെ നടപടി.

മനുഷ്യവാസ മേഖലയ്ക്ക് സമീപം ചുറ്റി തിരിയുന്നവയാണ് പിടികൂടപ്പെട്ട ആണ്‍സിംഹങ്ങള്‍. ഇതില്‍ മനുഷ്യനെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന നരഭോജി സിംഹം ഏതാണ് എന്ന് തിരിച്ചറിയാനാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. 18 സിംഹങ്ങളുടെയും കാല്‍പ്പാടുകളും വിസര്‍ജ്യവും പരിശോധിക്കും. ഇതനുസരിച്ച് നരഭോജി സിംഹം ആരെന്ന് കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.

നരഭോജി കടുവയെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവയെ കാട്ടിലേക്ക് തിരികെ വിടും. ശിക്ഷയായി നരഭോജിയെ മൃഗശാലയിലെ ‘ജയിലി’നുള്ളിലേക്ക് മാറ്റും. പരിശോധനകളുടെ അടിസ്ഥാനത്തില്‍ 9 എണ്ണത്തിനെ തുടര്‍ന്നുള്ള പരേഡില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇവയെ കാട്ടിലേക്ക് തിരികെ വിട്ടിട്ടില്ല. ഇനി ഒന്‍പത് എണ്ണമാണ് തിരിച്ചറിയല്‍ പരേഡിന് അവശേഷിക്കുന്നത്.

ഒരു സിംഹത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ 9 മൃഗങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെഎ ഖാന്‍ പറഞ്ഞു. ഗുജറാത്തിലെ ഗിര്‍വനമേഖലയ്ക്ക് സമീപം നാട്ടിലിറങ്ങിയ സിംഹം മൂന്ന് പേരെയാണ് കൊന്ന് തിന്നത്. നരഭോജി സിംഹങ്ങള്‍ മനുഷ്യരെ കാണുന്ന സമയത്ത് അക്രമാസക്തരാകും. ഇതാണ് സിംഹങ്ങളെ കൂട്ടത്തോടെ കസ്റ്റഡിയില്‍ എടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിന് പിന്നിലെ കാര്യം.

മനുഷ്യ വാസമേഖലയിലേക്ക് ഇറങ്ങി വരുന്ന സിംഹങ്ങളില്‍ ചിലത് മനുഷ്യരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതും അധികൃതരുടെ ലക്ഷ്യമാണ്. വംശ നാശ ഭീഷണി നേരിടുന്ന ഏഷ്യാറ്റിക് വര്‍ഗ്ഗത്തിലുള്ളതാണ് കസ്റ്റഡിയില്‍ ഉള്ള സിംഹങ്ങള്‍. ഏഷ്യാറ്റിക് സിംഹങ്ങളില്‍ ഇനി വെറും 400 എണ്ണം മാത്രമാണ് ഭൂമിയില്‍ അവശേഷിക്കുന്നത്.


{}
{}